സംരക്ഷണഭിത്തിയില്ല: മലയോര ഹൈവേ നിര്മാണസ്ഥലത്ത് കൃഷിയിടങ്ങള് ഇടിഞ്ഞുതാഴുന്നു
1577076
Saturday, July 19, 2025 4:57 AM IST
ജോൺസൺ പൂകമല
കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമ്മാണ പ്രവർത്തി നടക്കുന്ന പടിക്കൽവയൽ- ഇരുപത്തെട്ടാംമൈൽ റോഡിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട ഇരുപത്തെട്ടാംമൈൽ മേഖലയിൽ റോഡിന് വീതി വർധിപ്പിക്കുന്നതിനായി ഇടിച്ചു നീക്കിയത് മൂലം കൃഷിയിടങ്ങൾ ഇടിഞ്ഞു തകരുന്നു.
റോഡിനായി കൃഷിയിടം ഇടിച്ചു നിരത്തിയ സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമിക്കാത്തതുമൂലം നിരവധി കൃഷിയിടങ്ങളിലെ കാർഷിക വിളകളാണ് നാശത്തിലായത്. മഴ കനത്തതോടെ നാല്പതടിയോളം ഉയരത്തിലുള്ള തിണ്ട് നിരന്തരം പല സ്ഥലത്തും ഇടിഞ്ഞ് തകരുകയാണ്.
എന്നാൽ ഈ മേഖലയിൽ മണ്ണ് നീക്കിയ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കണമെന്നും ഈ ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായി റോഡിന് ആവശ്യമായ വീതി വർധിപ്പിക്കാൻ റോഡിന് മറുഭാഗത്ത് സ്ഥലമുണ്ടായിട്ടും കൃഷിയിടം ഇടിച്ചു നീക്കിയെന്നും ആക്ഷേപമുണ്ട്.
റോഡിന്റെ മറുഭാഗം താഴ്ചയുള്ള ഭാഗമാണ്. ഈ ഭാഗത്തും സംരക്ഷണമതിൽ നിർമിക്കുന്നില്ല. 200 മീറ്ററോളം ദൂരത്തിൽ ഈ മേഖലയിൽ മാത്രം റോഡിന് കരിങ്കൽ ഭിത്തി നിർമ്മിക്കാതെയാണ് പ്രവർത്തി നടക്കുന്നത്. ഉയർന്നു നിൽക്കുന്ന റോഡിന്റെ താഴ്ഭാഗത്തായി കൃഷിയിടങ്ങളും വീടുകളുമുണ്ട്. കരിങ്കൽഭിത്തി നിർമിച്ചില്ലെങ്കിൽ റോഡ് ഇടിഞ്ഞു തകർന്നാൽ കൃഷിയിടങ്ങൾക്കും വീടുകൾക്കും ഭീഷണിയാകുമെന്നുറപ്പാണ്.
ഇവിടം ഒഴികെ താഴ്ചയുള്ള ബാക്കി ഭാഗങ്ങളിലെല്ലാം കരിങ്കൽ ഭിത്തികൾ നിർമിച്ചിട്ടുണ്ട്. റോഡിന്റെ ഈ മേഖലയിൽ ഇരുഭാഗങ്ങളിലും സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
റോഡരികിലെ കൃഷിയിടങ്ങളിലേക്കുള്ള വഴിയും ഇല്ലാതെയായതായും പരാതിയുണ്ട്. കാലാന്തരത്തിൽ മണ്ണ് ഇടിഞ്ഞ് സമീപത്തെ ഡാം റിസർവോയറിൽ അടിയുന്നതും ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.
കല്ലാനോട് ആറാം വാർഡിലെ തടത്തിൽ ജോർജ് തോമസ്, തടത്തിൽ സണ്ണി തോമസ്, തടത്തിൽ നിമിഷ, ലവ്ലി സണ്ണി, ജോർജ് ചിറ്റക്കാട്ടുകുഴി, തടത്തിൽ ഫിലോമിന, ഷൈൻ ജോർജ് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലെ തെങ്ങ് കമുക് റബർ തുടങ്ങിയ കൃഷി വിളകളാണ് ഇത്തരത്തിൽ ഭീഷണി നേരിടുന്നത്. ഇതു സംബന്ധിച്ച് കെആർഎഫ്ബി വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും കർഷകർ അറിയിച്ചു.
ഇടിയുന്ന ഭാഗത്ത് സംരക്ഷണഭിത്തി കെട്ടണം
കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമാണത്തിനായി ഭൂമി വിട്ടു നൽകിയ നിരവധി പേരുടെ കൃഷിയിടങ്ങൾ വീണ്ടും വീണ്ടും ഇടിഞ്ഞ് തകരുകയാണ് റോഡിന്റെ രണ്ടു വശങ്ങളിലും കെട്ടില്ലാത്തത് മൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
റോഡിന്റെ താഴ്ഭാഗത്തുള്ള കർഷകർക്കും അവരുടെ കൃഷിസ്ഥലം നശിക്കുന്നു. താഴെ ഭാഗത്ത് പതിനഞ്ച് മീറ്ററോളം പിഡബ്ല്യൂഡിക്ക് സ്ഥലമുണ്ട്. ആ ഭാഗം കരിങ്കൽ ഭിത്തി നിർമിച്ച് സംരക്ഷിക്കുകയും ചെയ്തുകൊണ്ട് റോഡിന്റെ ഇടിയുന്ന ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുകയും ചെയ്താൽ മാത്രമെ പ്രശ്ന പരിഹാരമാവുകയുള്ളു.
മഴ കനത്തതോടെ മണ്ണിടിച്ചിൽ കൂടി
കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമാണ പ്രവൃത്തി നടക്കുന്ന ഇരുപത്തെട്ടാം മൈൽ മേഖലയിലെ 200 മീറ്റർ ദൂരം വരുന്ന റോഡിന്റെ ഇരു ഭാഗങ്ങളിലും സംരക്ഷണ ഭിത്തികൾ നിർമിച്ച് റോഡിനും ഇരുഭാഗങ്ങളിലുമുള്ള കർഷകരുടെ കൃഷിയിടങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കേണ്ടതുണ്ട്. മഴ കനത്തതോടെ ഈ മേഖലയിലെ മണ്ണിടിച്ചിൽ മൂലം നിരവധി കൃഷിയിടങ്ങളും കാർഷിക വിളകളും തകർന്നടിയുകയാണ്. അടിയന്തരമായി പരിഹാരം കാണണം.