ലഹരിക്കെതിരായ പോരാട്ടം സ്കൂളുകളില്‍നിന്നു തുടങ്ങണം: സംവിധായകന് ജിന്റോ തോമസ്
1577078
Saturday, July 19, 2025 4:57 AM IST
ദീപിക കളര്‍ ഇന്ത്യ മത്സരത്തിന്റെ രജിസ്ട്രേഷന് ലോഞ്ചിംഗ് നടത്തി
കോഴിക്കോട്: ലഹരിക്കെതിരായ പോരാട്ടം സ്കൂളുകളില്‍നിന്നു തുടങ്ങണമെന്ന് ചലച്ചിത്രസംവിധായകന്‍ ജിന്റോ തോമസ്. പാട്ടും നൃത്തവും വരയും ലഹരിയാക്കിമാറ്റാന് കുട്ടികള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പത്തുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന ചിത്രരചനാമത്സരമായ ദീപിക കളര്‍ ഇന്ത്യ മത്സരത്തിന്റെ രജിസ്ട്രേഷന് ലോഞ്ചിംഗ് ബാലുശേരി ജയ്റാണി എസ്എബിഎസ് പബ്ലിക് സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചിത്രരചനാ മത്സരത്തിന്റെ തീം ആയ "നോ ഡ്രഗ് നോ വാര്' ഏറെ പ്രസ്കതമായ മുദ്രാവാക്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തോടാണ് നമ്മള് യുദ്ധം ചെയ്യേണ്ടത്. കുട്ടികളാണ് നാളെ സമൂഹത്തെയും നാടിനെയും നയിക്കേണ്ടത്. ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരുമെല്ലാം ആവേണ്ടവര്‍.
മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. ജീവിതകാലം മുഴുവന്‍ രോഗിയായി മാറുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് തമാശയ്ക്കുപോലും ഒരിക്കലും ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.
ലഹരിയെ മാറ്റി നിര്‍ത്താനും ചവിട്ടിപുറത്താക്കാനുമുള്ള തന്റേടം കുട്ടികള്‍ ആര്‍ജിക്കണം. ജീവിതത്തിനു പ്രചോദനമാകുന്ന നല്ല കാര്യങ്ങള്‍ തുടങ്ങാന്‍ കുട്ടികള്‍ക്കു കഴിയണം. തന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കിയത് ദീപികയാണെന്ന് അദ്ദേഹം പറഞ്ഞു.മയക്കുമരുന്നനെതിരേ ദീപികയുടെ പോരാട്ടം അഭിമാനകരമാണെന്നും ജിന്റോ തോമസ് അഭിപ്രായപ്പെട്ടു.
ജയ്റാണി എസ്എബിഎസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫിലോ തോമസ് അധ്യക്ഷത വഹിച്ചു. കേരളത്തെ അക്ഷരങ്ങള്‍ കൊണ്ട് വിളിച്ചുണര്‍ത്തിയ പത്രമാണ് ദീപികയെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്ത് പുതിയ വായനാസംസ്കാരത്തിനു തുടക്കം കുറിച്ച പത്രം. സ്നേഹത്തിന്റെ പങ്കുവയ്ക്കലാണ് ദീപിക നടത്തുന്നത്. ദീപികയുടെ കളര്‍ ഇന്ത്യ ചിത്രരചനാമത്സരം കുട്ടികളില്‍ സര്‍ഗാത്മകത വളര്‍ത്തുന്നതാണെന്നും അവര്‍ പറഞ്ഞു.
ദീപിക കോഴിക്കോട് റസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍ ആമുഖ ഭാഷണവും ബാലുശേരി സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. മെല്വിന് വെള്ളയ്ക്കാകുടിയില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.
സ്റ്റാഫ് സെക്രട്ടറി ശ്രുതിമോള്‍ ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനുഷാ മാത്യു നന്ദിയും പറഞ്ഞു.വേദലക്ഷ്മി രത്നഹരി, ജോസ്വിന് സണ്ണി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സ്കൂള്‍ നൃത്തസംഘത്തിന്റെ നൃത്ത പരിപാടികളും അരങ്ങേറി.