ഫറോക്ക് കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1577092
Saturday, July 19, 2025 5:23 AM IST
കോഴിക്കോട്: ഫറോക്ക് മുനിസിപാലിറ്റിയിലെ പതിനായിരത്തോളം പ്രദേശവാസികൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതി അനാവശ്യമായ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കുള്ളിൽ നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിക്കണം. ഫറോക്ക്- കരുവൻതിരുത്തി കുടിവെള്ള ജനകീയ കമ്മിറ്റി കൺവീനർ ഷംസുദീൻ മൂപ്പൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഗുണഭോക്തൃ കമ്മിറ്റി രൂപീകരിക്കാനും പദ്ധതി ഈ കമ്മിറ്റിയെ ഏൽപ്പിക്കാനും കമ്മീഷൻ നിർദേശിച്ചിരുന്നു.
കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാർജ് ഗുണഭോക്തൃ സമിതി നിർവഹിക്കണമെന്നാണ് നിയമം. എന്നാൽ പൊതുജന താത്പര്യം മുൻ നിർത്തി ബാധ്യത ഉണ്ടാവുകയാണെങ്കിൽ അത് കൗൺസിൽ അംഗങ്ങൾ വീതിച്ചെടുക്കാമെന്ന ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടെണ്ടർ നോട്ടീസും നഗരസഭ ഹാജരാക്കി. കിലോമീറ്ററോളം നടന്നാണ് നാട്ടുകാർ വെള്ളം ശേഖരിക്കുന്നത്.