എൽഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
1568015
Tuesday, June 17, 2025 6:12 AM IST
ചവറ : യുഡിഎഫ് ഭരിക്കുന്ന പന്മന പഞ്ചായത്തിലെ അഴിമതിക്കും ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു.
വികസന പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പണം മുഴുവൻ പഞ്ചായത്തിന്റെ വികസനത്തിനായി ചെലവഴിക്കുക, തകർന്നു കിടക്കുന്ന പഞ്ചായത്ത് റോഡുകൾ പുതുക്കി പണിത് സഞ്ചാരയോഗ്യമാക്കുക, വഴിവിളക്കുകൾ പുനസ്ഥാപിക്കുക, നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിച്ച് യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് ആശ്വാസം കാണുക, ജെൽ ജീവൻ വെട്ടിപ്പ് കണ്ടെത്തി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുക, പണിപൂർത്തിയാക്കിയ അഞ്ച് കുഴൽ കിണറുകൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനക്ഷമമാക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എൽഡിഎഫ് പന്മന പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
ഇടപ്പള്ളി കോട്ടയിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സമരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ആർ .മുരളി അധ്യക്ഷനായി.
സിപിഎം ഏരിയ സെക്രട്ടറി ആർ .രവീന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, , ജെ .അനിൽ, കെ .ജി .വിശ്വംഭരൻ, എൽ .വിജയൻ നായർ , ഷീന പ്രസാദ്, കെ. എ .നിയാസ്, അഹമ്മദ് മൻസൂർ എന്നിവർ പ്രസംഗിച്ചു.