ഉയർന്ന തിരമാല; ജാഗ്രത വേണമെന്ന് കളക്ടർ
1567784
Monday, June 16, 2025 6:35 AM IST
കൊല്ലം: ഉയർന്ന തിരമാല മുന്നറിയിപ്പുള്ള പശ്ചാത്തലത്തിൽ ചുവടെ പറയും പ്രകാരമുള്ള ജാഗ്രത വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്\’ർ എൻ .ദേവിദാസ് മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 8.30വരെ ജില്ലയിൽ ഓറഞ്ച് അലർട്ട്.
ആലപ്പാട് മുതൽ ഇടവ വരെപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തമെന്നും അറിയിപ്പിൽ പറയുന്നു.