അഴീക്കൽ കടൽ തീരത്ത് ഓയിൽ വീപ്പ കരയ്ക്കടിഞ്ഞു
1567785
Monday, June 16, 2025 6:35 AM IST
കൊല്ലം: അഴീക്കലിൽ കടൽ ഭാഗത്ത് ഓയിൽ വീപ്പ കരയ്ക്കടിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് സ്രായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്. അറബിക്കടലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പലില്‍ നിന്നുള്ള ബാരലാകാമെന്നാണ് സംശയം.
ഓച്ചിറ പോലിസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റംസിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികളിലേക്ക് കടക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒഴിഞ്ഞ ബാരല്‍ ആണെന്നാണ് പ്രാഥമിക നിഗമനം.
കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. കപ്പലിൽ നിന്നും കടലിൽ വീണ സാധനങ്ങൾ നീക്കുന്ന കരാർ കമ്പനിയിലെ വിദഗ്ധർ പരിശോധന നടത്തും.