കൊല്ലം മേയറിന് വധഭീഷണി
1567787
Monday, June 16, 2025 6:35 AM IST
കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിന്‍ വധഭീഷണി. കത്തിയുമായി വീട്ടിന് മുന്നിലെത്തിയ യുവാവ് വധഭീഷണി മുഴക്കുകയായിരുന്നു. യുവാവ് കത്തിയുമായി എത്തുന്ന സി സിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. നിരവധി തവണ യുവാവ് വീടിന് സമീപമെത്തിയതായ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്.
മേയർ ഇതുസംബന്ധിച്ച് പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇന്നലെ രാവിലെ 7.15 ഓടെയാണ് ജീൻസ് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ കത്തിയുമായി മേയറുടെ വീടിന് സമീപം എത്തുന്നത്.വൈദ്യശാല ജംഗ്ഷനിൽ എത്തിയ ഇയാൾ ഒരു കടയിൽ എത്തി മേയറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചിരുന്നു.
മേയറുടെ വീട്ടിൽ എത്തിയ മത്സ്യ വ്യാപാരിയായ സ്ത്രീ പറഞ്ഞത് അനുസരിച്ചാണ് മേയർ ഇക്കാര്യം അറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.