വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിച്ച കേസ്; പ്രധാനി അറസ്റ്റില്‍
1567773
Monday, June 16, 2025 6:22 AM IST
അഞ്ചല്‍ : ലണ്ടനില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നുമായി കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രധാനി അറസ്റ്റില്‍. കോതമംഗലം സ്വദേശി ബേബി വര്‍ക്കിയാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ സുവിശേഷ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ രണ്ടുപേര്‍ മുമ്പ് പിടിയിലായിരുന്നു.
ഇംഗ്ലണ്ടില്‍ നഴ്സിംഗ് ഉള്‍പ്പെടെ ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി നല്‍കാമെന്ന വ്യാജേന 10 മുതല്‍ 25 ലക്ഷം രൂപവരെയാണ് ഇവര്‍ ഒരാളില്‍ നിന്നും ഈടാക്കി വന്നിരുന്നത്.
പിടിയിലായ ബേബിവര്ക്കിയുടെ ബാങ്ക് അക്കൗണ്ടില്‍ മാത്രം മൂന്നരക്കോടിയോളം രൂപ ഇത്തരത്തില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ചല്‍ പോലീസ് പരിധിയില്‍ മാത്രം 27 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തിട്ടുള്ളത്. ബേബി വര്‍ക്കി മാനേജിംഗ് ഡയറക്ടറായ ഗ്രേസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു കോടികളുടെ തട്ടിപ്പ്.
കേസിലെ ഒന്നാം പ്രതിയും ബേബി വര്‍ഗീസിന്റെ ബന്ധുവുമായ ഹെന്‍ട്രി പൗലോസ് എന്നയാള്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. ബേബി വര്‍ക്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര്, ഗ്രേഡ് എസ്ഐ മധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, അന്‍സര്‍ എന്നിവരടങ്ങുന്ന സംഘമാണ് കോതമംഗലത്ത് നിന്നും പ്രതിയെ പിടികൂടിയത്