കുണ്ടറ താലൂക്ക് ആശുപത്രി കെട്ടിട നിർമാണ പ്രതിസന്ധി മാറുന്നു
1567781
Monday, June 16, 2025 6:22 AM IST
കുണ്ടറ : താലൂക്ക് ആശുപത്രി പരിസരത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം നടന്നു വരുന്ന ബഹുനില കെട്ടിട നിർമാണത്തിന്റെപൂർത്തീകരണത്തിലെ പ്രതിസന്ധി മാറുന്നു. കിഫ്ബി 35 കോടി രൂപ ചെലവഴിച്ച് നിർമാണം ആരംഭിച്ച പദ്ധതിയിൽ ഹൈ ടെൻഷൻ വൈദ്യുത കണക്ഷൻ ലഭ്യമാക്കുന്നതിനുളള തുക വകയിരുത്താത്തതാണ് കെട്ടിട പൂർത്തീകരണത്തിന് പ്രതിസന്ധിയായി മാറിയിരുന്നത്.
ഹൈ ടെൻഷൻ വൈദ്യൂത കണക്ഷൻ ലഭിക്കുന്നതിനായി വൈദ്യുത ബോർഡിന് 8.93 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് ആശുപത്രി അധികൃതർക്ക് കത്ത് നൽകിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രത്യേക വികസന പദ്ധതിയിൽ നിന്നും 8.93 ലക്ഷം രൂപ കൂടി അനുവദിക്കുന്നതിനായി കത്ത് നൽകിയതെന്ന് പി.സി. വിഷ്ണുനാഥ് എം എൽഎ അറിയിച്ചു.
വൈദ്യുത ബോർഡ് എസ്റ്റിമേറ്റ് സമർപ്പിക്കുന്ന മുറയ്ക്ക് ഭരണാനുമതി നൽകി തുടർ നടപടികളിലേയ്ക്ക് കടക്കുമെന്നും എംഎൽഎ അറിയിച്ചു. കറണ്ടില്ലാത്തതും ജനറേറ്ററിൽ ഡീസൽ അടിക്കാൻ പൈസ ഇല്ലാത്തതിനാലും ചികിത്സ മുടങ്ങിയതും ഈയിടെ വലിയ വാർത്തയായിരുന്നു.