ഗൂഗിൾ മാപ്പ് ‘പണി’ കൊടുത്തു : ഇടുങ്ങിയ റോഡിൽ കണ്ടെയ്നർ ലോറി ഓടിച്ചു കയറ്റി
1567783
Monday, June 16, 2025 6:35 AM IST
കുണ്ടറ: കച്ചേരി മുക്ക് കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിക്ക് സമീപം ഇടുങ്ങിയ പഞ്ചായത്ത് റോഡിൽ വലിയ കണ്ടെയ്നർ ലോറി ഓടിച്ചു കയറ്റി നാശനഷ്ടമുണ്ടാക്കി.
ഇന്നലെ പുലർച്ചെ 1. 30 തിന് മരച്ചില്ലകളും മറ്റും ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ടാണ് പ്രദേശവാസികൾ ഉണർന്നത്. അമിതമായി മദ്യപിച്ച തമിഴ്നാട് സ്വദേശികളായ ഡ്രൈവറും മറ്റ് രണ്ടുപേരുമാണ് കണ്ടെയ്നർ ലോറിയിൽ ഉണ്ടായിരുന്നത്. കായലി െ ന്റ കരയിൽ വീടുപണി നടക്കുന്ന സ്ഥലത്താണ് വണ്ടി പുതഞ്ഞത്.
പ്രദേശത്തെ നിരവധി വീടുകളുടെ റോഡ് സൈഡിലുള്ള ഷീറ്റുകൾ, സിസി കാമറകൾ, സർവീസ് വയറുകൾ എന്നിവയ്ക്ക് വലിയ നാശ നഷ്ടമാണ് ഉണ്ടായത്.
അധികം ബലമില്ലാത്ത റോഡിന്റെ ടാറിംഗും സൈഡിലെ ടൈലുകളും ഇടിഞ്ഞുതാണു. തമിഴ്നാട് രജിസ്ട്രേഷൻ ഉള്ളതും മിൽക്ക് വാൻ എന്ന ബോർഡ് വെച്ചിട്ടുള്ളതുമായ വണ്ടിയിൽ എറണാകുളത്ത് നിന്നും 21 ടൺ ഡാൽഡ കയറ്റിയാണ് വന്നതെന്നും അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വണ്ടി ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി വന്നതാണെന്നുമാണ് ഡ്രൈവർ പറഞ്ഞത്.
പോലീസുകാരുടെയും വാർഡ് മെമ്പറുടെയും സാന്നിധ്യത്തിൽ ക്രെയിൻ ഉപയോഗിച്ച് വാഹനം പൊക്കി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഉടമസ്ഥർ വന്നാൽ മാത്രമേ, സീൽ പൊട്ടിച്ച് വണ്ടി പരിശോധിക്കാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്.
ഉടമസ്ഥർ വന്ന് നഷ്ടപരിഹാരം നൽകി പരിശോധനയ്ക്ക് ശേഷം വണ്ടി വിട്ടു നൽകുമെന്നും പോലീസ് അറിയിച്ചു.