ലഹരി വിമുക്തകേരളം വാഹനജാഥ നാളെ
1226316
Friday, September 30, 2022 10:49 PM IST
മല്ലപ്പള്ളി: പുതുതലമുറയെ മദ്യം, മയക്കുമരുന്ന്, പുകവലി മുതലായ ലഹരി പദാർഥങ്ങളിൽ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടു കൂടി മല്ലപ്പള്ളി പൗരാവലി, വ്യാപാരി വ്യവസായി ഏകോപന സമിതി, മല്ലപ്പള്ളി വൈഎംസിഎ, മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ "ലഹരി വിമുക്ത കേരളം' എന്ന സന്ദേശവുമായി നാളെ ഉച്ചകഴിഞ്ഞു 3.30ന് വാഹന പ്രചാരണ ജാഥ നടത്തും.
മല്ലപ്പള്ളി ടൗണിൽ നിന്നാരംഭിച്ച് ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം മല്ലപ്പള്ളിയിൽ പൊതുസമ്മേളനം നടത്തും. വാഹന പ്രചരണജാഥ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി ഫ്ളാഗ് ഓഫ് ചെയ്യും. വൈഎംസിഎ പ്രസിഡന്റ് ജോൺ മാത്യു, മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി പ്രസിഡന്റ് കുര്യൻ ജോർജ് ഇരുമേട എന്നിവർ ജാഥാ ക്യാപ്റ്റൻമാരായിക്കും. വൈകുന്നേരം അഞ്ചിന് ടൗണിൽ നടക്കുന്ന പൊതുസമ്മേളനം ഓർത്തോഡക്സ് സഭ നിരണം ഭദാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഇ.ഡി. തോമസ്കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പഞ്ചായത്ത് മെംബർ പ്രകാശ് വടക്കേമുറി, മല്ലപ്പള്ളി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുബാഷ് എന്നിവർ പ്രസംഗിക്കും.