ആറന്മുളയില് രുചിമേളത്തിനു തിരിതെളിഞ്ഞു : വള്ളസദ്യകള്‍ ഒക്ടോബര്‍ രണ്ടുവരെ
1575575
Monday, July 14, 2025 3:35 AM IST
കോഴഞ്ചേരി: ആറന്മുളയില് വള്ളസദ്യകള്ക്കു തുടക്കമായി. പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പള്ളിയോട സേവാസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് വഴിപാട് പള്ളിയോട സദ്യകള്‍ക്കു തുടക്കമായത്.
ഇന്നലെ രാവിലെ 11.30ന് പാര്‍ഥസാരഥി ക്ഷേത്ര മതിലകത്തെ ആനക്കൊട്ടിലിനു മുമ്പില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഭദ്രദീപം തെളിച്ചാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. നിലവിളക്കിന് മുമ്പിലെ പ്രത്യേകം തയാര്‍ ചെയ്ത തൂശനിലയില്‍ മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി., പ്രമോദ് നാരായണ്‍ എംഎല്‍എ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ എന്നിവര്‍ വിഭവങ്ങള്‍ വിളമ്പി.
സദ്യയില്‍ പങ്കെടുക്കാന്‍ ആദ്യം പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ കോഴഞ്ചേരി, ളാക - ഇടയാറന്മുള പള്ളിയോടങ്ങളെ വെറ്റില, പാക്ക്, പുകയില തുടങ്ങിയവ നല്കി ആചാരാനുഷ്ഠാനങ്ങളോടെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും ചേര്‍ന്ന് സ്വീകരിച്ചു.
മന്ത്രിമാരും ജനപ്രതിനിധികളും പള്ളിയോടത്തിലെത്തിയ കരനാഥന്മാരെയും സ്വീകരിച്ച് പ്രദക്ഷിണ വഴിയിലൂടെ കൊടിമരച്ചുവട്ടിലേക്ക് എത്തിച്ചു. വഞ്ചിപ്പാട്ട് പാടിയാണ് പള്ളിയോടങ്ങളെയും അതിഥികളെയും ക്ഷേത്ര മതിലകത്തേക്ക് സ്വീകരിച്ചത്.
അതിഥികള്‍ക്കും പള്ളിയോട പ്രതിനിധികള്‍ക്കും കരനാഥന്മാര്ക്കും ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയിലാണ് സദ്യ ഒരുക്കിയിരുന്നത്. എട്ട് പള്ളിയോടങ്ങളാണ് ആദ്യ ദിനത്തില്‍ പങ്കെടുത്തത്. മുന്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, എ. പത്മകുമാര്‍, മാലേത്ത് സരളാദേവി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി. മോഹന്‍രാജ്, എം.വി. ഗോപകുമാര്‍, വിക്ടര്‍ ടി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, അംഗം ആര്. അജയകുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി, പോലീസ് തുടങ്ങിയ സേനാംഗങ്ങള്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയത്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം ബോട്ടില്‍ പള്ളിയോടങ്ങള്‍ക്ക് സംരക്ഷണം നല്കുന്നുണ്ടായിരുന്നു.
ഒക്ടോബര്‍ രണ്ടുവരെ നീളുന്നതാണ് വള്ളസദ്യ വഴിപാടുകാലം. ഇതുവരെയായി 412 സദ്യകള്‍ ബുക്കു ചെയ്തു കഴിഞ്ഞു. ഭക്തര്‍ ആചാരാനുഷ്ഠാനങ്ങളോടെ വഴിപാടില്‍ പങ്കെടുക്കും. പള്ളിയോടങ്ങളില്‍ ക്ഷേത്രക്കടവിലെത്തുന്ന കരക്കാരെ സ്വീകരിച്ചാനായിച്ചാണ് സദ്യയില്‍ പങ്കെടുപ്പിക്കുക.
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിനും തുടക്കം
കെഎസ്ആര്‍ടിസിയുടെ ബ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലുള്ള പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനവും വള്ളസദ്യയുടെ ഉദ്ഘാടനവും പാഞ്ചജന്യം ഓഡിറ്റോറിയത്തിനു മുമ്പില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു.
കെഎസ്ആര്‍ടിസി വൈക്കം ഡിപ്പോയില്‍നിന്നുള്ള ബസാണ് ആദ്യം എത്തിയത്. ബസിലെ ജീവനക്കാരേയും യാത്രക്കാരേയും പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഭാരവാഹികള്‍ സ്വീകരിച്ചു.
മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മാലയിട്ടാണ് യാത്രക്കാരെ വരവേറ്റത്. വള്ളസദ്യകാലത്ത് 400 ട്രിപ്പുകള്‍ സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്ന് ആറന്മുളയിലേക്ക് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബജറ്റ് ടൂറിസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ടൂറിസവുമായി ബന്ധപ്പെട്ടെത്തുന്ന യാത്രക്കാര്‍ക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് സദ്യ ക്രമീകരിക്കുന്നത്.
ഇന്‍ഷ്വറന്‍സ് കവറേജ്
വള്ളംകളി, വള്ളസദ്യ തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുവാനെത്തുന്ന പള്ളിയോടങ്ങളിലെ തുഴച്ചില്‍ക്കാര്‍ക്ക് അപകട മരണം സംഭവിച്ചാല്‍ ആശ്രിതർക്ക് 10 ലക്ഷം രൂപ ലഭിക്കത്തക്ക തരത്തിലുള്ള രണ്ട് കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി കൈമാറി.
പള്ളിയോട സേവാസംഘം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായിട്ടുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ പോളിസി കൈമാറ്റം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
ഉത്രട്ടാതി ജലമേള, വള്ളസദ്യ, പാര്‍ഥസാരഥി ക്ഷേത്രത്തിലെ ആചാരവും ഐതിഹ്യവും വിവരിക്കുന്ന വിസ്മയ ദര്‍ശനം എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശന ഉദ്ഘാടനവും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. പള്ളിയോട സേവാസംഘം പുറത്തിറക്കുന്ന പാഞ്ചജന്യം എന്ന സുവനീറിന്റെ പ്രകാശന കര്‍മവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.