ലൈഫ് മിഷന് പദ്ധതിയില്‍ കിട്ടിയ വീട് കേരള ബാങ്ക് ജപ്തി ചെയ്തു
1575038
Saturday, July 12, 2025 3:52 AM IST
പത്തനംതിട്ട: ലൈഫ് മിഷന് പദ്ധതിയില്‍ ലഭിച്ച ഭവനം കേരള ബാങ്ക് ജപ്തി ചെയ്തു. മല്ലപ്പള്ളി കൊറ്റനാട് കൊച്ചുകളീക്കല്‍ പ്രഹ്ലാദന്റെ മൂന്നു സെന്റ് സ്ഥലവും വീടുമാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് കഴിഞ്ഞ ദിവസം രാവിലെ 11ഓടെയായിരുന്നു ജപ്തി. തുടര്‍ന്ന് സര്‍ഫാസി പ്രകാരമുള്ള നടപടികള്‍ വിശദീകരിച്ച് ബോര്‍ഡ് വച്ചു. വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂട്ടു പൊളിച്ച് പുറത്താക്കപ്പെട്ട കുടുംബത്തെ അകത്ത് പ്രവേശിപ്പിച്ചു.
അതേസമയം, പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ജപ്തി ഉണ്ടായതെന്ന് ജില്ലാ ജനറല്‍ മാനേജര്‍ വിശദീകരിച്ചു. വായ്പയ്ക്ക് ഈടുവച്ച ഭൂമി കൈമാറ്റം ചെയ്യപ്പെട്ട വിവരം രണ്ടുവര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കോടതിയെ സമീപിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നുവെന്നും കേരള ബാങ്ക് ജില്ലാ ജനറല്‍ മാനേജര്‍ ശ്രീദേവി അമ്മ പ്രതികരിച്ചു. 2017 ജൂണ്‍ മാസത്തിലാണ് പ്രഹ്ലാദന് സമീപവാസിയായ വിജയകുമാറില്‍ നിന്നും സ്ഥലം വാങ്ങിയത്.
ഇടപാടിന് രണ്ടു മാസം മുന്‍പേ ഈ സ്ഥലം, ഈടുവച്ച് വിജയകുമാര്‍ മൂന്നുലക്ഷം രൂപ വായ്പ നേടിയിരുന്നു. ഇത് പ്രഹ്ലാദന് അറിഞ്ഞിരുന്നില്ലന്ന് പറയുന്നു. ഇതിനിടയിലും മാസങ്ങള്‍ക്ക് മുമ്പ് ബാങ്ക് അധികൃതര്‍ എത്തി, വായ്പാ വിഷയം ധരിപ്പിച്ചിരുന്നതായി പ്രഹ്ളാദന്റെ ബന്ധു പറയുന്നു. മന്ത്രിമാര്‍ അടക്കം നിരവധി പേരെ കണ്ടു.
പക്ഷേ ഗുണം ഉണ്ടായില്ലെന്ന് ജപ്തി ചെയ്ത വീടിന്റെ ഉടമയുടെ ബന്ധുവായ ജിഷ പറഞ്ഞു. വസ്തു സംബന്ധിച്ച മുഴുവന്‍ രേഖകളും പരിശോധിച്ച് ഉറപ്പാക്കിയാണ് ലൈഫ് പദ്ധതിയില്‍ പ്രഹ്ലാദന് വീട് അനുവദിച്ചത്.