ധന്യൻ മാർ ഈവാനിയോസ് അനുസ്മരണ പദയാത്രയ്ക്ക് ഇന്നു തുടക്കം
1574510
Thursday, July 10, 2025 3:47 AM IST
പത്തനംതിട്ട: ധന്യൻ മാർ ഈവാനിയോസ് 72 -ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച അനുസ്മരണ പദയാത്ര ഇന്നു രാവിലെ റാന്നി പെരുന്നാട്ടിൽ നിന്നാരംഭിക്കും. രാവിലെ 6.30ന് പ്രഭാത പ്രാർഥനയേ തുടർന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പദയാത്രയുടെ ഉദ്ഘാടനം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ നിർവഹിക്കും.
പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ്, മുൻ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, ഗുഡ്ഗാവ് രൂപതാധ്യക്ഷൻ ഡോ.തോമസ് മാർ അന്തോണിയോസ്, കൂരിയ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പദയാത്രയുടെ വള്ളിക്കുരിശ് എംസിവൈഎം പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് ബിൻ ഏബ്രഹാമും കാതോലിക്ക പതാക സഭാതല പ്രസിഡന്റ് മോനു ജോസഫും എംസിവൈഎം പതാക പത്തനംതിട്ട ഭദ്രാസന ജനറൽ സെക്രട്ടറി സുബിൻ തോമസും ഏറ്റുവാങ്ങും.
സഭാ പിതാക്കൻമാരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദയാത്ര വടശേരിക്കര വഴി വൈകുന്നേരം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ എത്തും. പത്തനംതിട്ടയിൽ കോന്നി, പത്തനംതിട്ട വൈദികജില്ലകളുടെ പദയാത്രകൾ പ്രധാന പദയാത്രാ സംഘവുമായി സംഗമിക്കും.
നാളെ രാവിലെ പത്തനംതിട്ടയിൽ നിന്നു യാത്ര പുറപ്പെടുന്ന തീർഥാടകസംഘത്തോടൊപ്പം ഓമല്ലൂരിൽ തിരുവല്ല അതിരൂപതയിൽ നിന്നും പദയാത്രാ സംഘവും ചേരും.
അടൂർ, പുതുശേരിഭാഗം, ഏനാത്ത്, കൊട്ടാരക്കര, ആയൂർ, പിരപ്പൻകോട് വഴി തീർഥാടകർ 14നു വൈകുന്നേരം തിരുവനന്തപുരത്തെത്തും. കത്തിച്ച മെഴുകുതിരികളുമേന്തി പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കലാണ് പദയാത്ര സമാപിക്കുന്നത്.
പദയാത്രയുടെ ഒരുക്കധ്യാനത്തിനു മുന്നോടിയായി ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയ്ക്ക് ബിഷപ് ഡോ.തോമസ് മാർ അന്തോണിയോസ് കാർമികത്വം വഹിച്ചു. ഫാ. ജോഷ്വാ കൊച്ചുവിളയിൽ ധ്യാനം നയിച്ചു. തുടർന്ന് മഹാരഥൻ മാർ ഈവാനിയോസ് എന്ന ധന്യൻ മാർ ഈവാനിയോസിന്റെ ജീവചരിത്രത്തിന്റെ കഥാപ്രസംഗ ആവിഷ്കാരം കാഥികൻ കല്ലട വി.വി. ജോസ് അവതരിപ്പിച്ചു. നിലയ്ക്കലിൽ നിന്നുള്ള വള്ളിക്കുരിശ് പ്രയാണത്തിന് ഇന്നു രാവിലെ പെരുനാട് ദേവാലയത്തിൽ സ്വീകരണം നൽകും.
സ്വീകരണം നൽകും
വെണ്ണിക്കുളം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായിരുന്ന ധന്യൻ മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വെണ്ണിക്കുളം മേഖലയിൽ നിന്നും തിരുവനന്തപുരം കബറിങ്കലേക്കുള്ള തീർഥാടന പദയാത്രയ്ക്ക് ഇന്ന് രാവിലെ 11.30 ന് പുല്ലാട് വരിക്കണ്ണാമല കുടുംബം സ്വീകരണം നൽകും.
വരിക്കണ്ണാമല വൈദ്യൻ എൻ. നാരായണപ്പണിക്കരും ഈവാനിയോസ് മെത്രാപ്പോലീത്തയും തമ്മിലുള്ള സുദൃഢമായ സാഹോദര്യ ബന്ധത്തിന്റെ സ്മരണകളുയർത്തിയാണ് സ്വീകരണം.