കാഷായധാരികളായി തീർഥാടകർ, മാർ ഈവാനിയോസ് സ്മരണയിൽ വീഥികൾ
1574743
Friday, July 11, 2025 3:40 AM IST
പത്തനംതിട്ട: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ സ്മരണയിൽ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിനെ ലക്ഷ്യമാക്കി നീങ്ങുന്ന കാഷായ വസ്ത്രധാരികളെക്കൊണ്ട് വീഥികൾ നിറഞ്ഞു. റാന്നി പെരുനാട്ടിൽ നിന്നും പുറപ്പെട്ട പ്രധാന തീർഥാടക സംഘം ഇന്നലെ വൈകുന്നേരം മൈലപ്രയിലെത്തിയപ്പോൾ കോന്നിയിൽ നിന്നുള്ള പദയാത്രികരും ഒപ്പം ചേർന്നു.
പത്തനംതിട്ട നഗരത്തിലൂടെ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിലെത്തിയ തീർഥാടകർക്ക് ഇടവക സ്വീകരണം നൽകി. തുടർന്ന് പുത്തൻപീടിക സെന്റ് തോമസ് ദേവാലയത്തിലെത്തിയ തീർഥാടകർ ഇന്നലെ രാത്രി അവിടെ തങ്ങി.
ഇന്നലെ രാവിലെ പെരുനാട്ടിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആശിർവദിച്ച പദയാത്രയ്ക്ക് നേതൃത്വം നൽകി ബിഷപ്പുമാരായ തോമസ് മാർ അന്തോണിയോസും ആന്റണി മാർ സിൽവാനോസും മുന്പിലുണ്ട്. നിരവധി വൈദികരും സന്യസ്തരും അടക്കം നൂറു കണക്കിനാളുകളാണ് പദയാത്രയിൽ പങ്കാളിയായിരിക്കുന്നത്. ഇന്നു രാവിലെ പുത്തൻപീടികയിൽ പുറപ്പെടുന്ന സംഘത്തോടൊപ്പം തിരുവല്ല അതിരൂപത പദയാത്ര സംഘം ഓമല്ലൂരിൽ സംഗമിക്കും.
കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ, ആനന്ദപ്പള്ളി വഴിയാണ് തീർഥാടകസംഘം അടൂരിലെത്തുന്നത്. തുടർന്ന് തീർഥാടകർ എംസി റോഡു വഴി തിരുവനന്തപുരത്തേക്ക് നീങ്ങും. ഇന്ന് പുതുശേരിഭാഗം ദേവാലയത്തിലാണ് തങ്ങുന്നത്.
കോന്നി വൈദിക ജില്ല പദയാത്ര മുറിഞ്ഞകല്ലിൽനിന്ന്
ധന്യൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് കോന്നി വൈദികജില്ലയുടെ നേതൃത്വത്തിലുള്ള തീർഥാടന പദയാത്ര മുറിഞ്ഞകൽ സെന്റ് തേരേസ ദേവാലയത്തിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ചു. വൈദികജില്ലയിലെ വൈദികരുടെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിക്ക് ഫാ. വർഗീസ് കൈതോൺ മുഖ്യകാർമികത്വം വഹിച്ചു.
ആശിർവദിച്ച വള്ളിക്കുരിശ് വൈദികജില്ല പ്രസിഡന്റ് പ്രിൻസ് റെജിയും എംസിവൈഎം പതാക ജില്ലാ സെക്രട്ടറി അബു മോനാച്ചനും ഏറ്റുവാങ്ങി. വകയർ, കോന്നി, കിഴവള്ളൂർ, കുമ്പഴ ദേവാലയങ്ങളിലൂടെ മൈലപ്ര തിരുഹൃദയ ദേവാലയത്തിൽ പെരുനാട്ടിൽ നിന്നുള്ള തീർഥാടകസംഘവുമായി ചേർന്നു.
ജില്ലാവികാരി ഫാ. വർഗീസ് കൈതോൺ, എംസിവൈഎം ജില്ലാ ഡയറക്ടർ ഫാ. വർഗീസ് തയ്യിൽ, ജോസഫ് കുരുമ്പിലേത്ത് കോർ എപ്പിസ്കോപ്പ, ഫാ. ജോർജ് മാത്യു, ഫാ. വർഗീസ് കൂത്തനേത്ത്, ഫാ സ്ലീബാദാസ് ചരിവുപുരയിടത്തിൽ, ഫാ ബിജോയി ജേക്കബ് തുണ്ടിയത്, ഫാ. ജോർജ് വർഗീസ് പുതുപ്പമ്പിൽ, ഫാ. സിജോ ജെയിംസ്, ഫാ. ജീമോൻ കുന്നുംപുറത്ത്, ഫാ. ജസ്റ്റിൻ പരുവപ്ലാക്കൽ, സിസ്റ്റർ നിലീന എസ്ഐസി, ജില്ലാ ഭാരവാഹികളായ തേജസ് എസ്. തോമസ്, ഹെന് റി ജിയോ റെജി, പ്രിൻസ് ഏബ്രഹാം, റിയ അന്ന വർഗീസ് തുടങ്ങിയവർ സന്നഹിതരായിരുന്നു.