പോസ്റ്റ്മോർട്ടം പൂർത്തിയായി, തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കും
1574508
Thursday, July 10, 2025 3:47 AM IST
പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമട അപകടത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളായ ഒഡീഷ സ്വദേശി അജയ് കുമാർ റായ്, ബീഹാർ സ്വദേശി മഹാദേവ് പ്രദാൻ എന്നിവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം.
മൃതദേഹം എംബാം ചെയ്യുന്നതിന് കോട്ടയത്തേയ്ക്ക് മാറ്റും. അവിടെനിന്ന് ഇവരുടെ നാടുകളിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്തുവരികയാണ്.
അജയ് റായിയുടെ സഹോദരൻ സച്ചിദാനന്ദ റായ് മൃതദേഹത്തെ അനുഗമിക്കും. മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചെലവും വഹിക്കാൻ ക്വാറി ഉടമയ്ക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
കോന്നി പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്. പാറമടയിൽ ഹിറ്റാച്ചി നിയന്ത്രിച്ചിരുന്ന അജയ്റായിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് കണ്ടെടുത്തത്. ആലപ്പുഴയിൽ നിന്നെത്തിച്ച ലോംഗ് ബൂം ഹിറ്റാച്ചി ഉപയോഗിച്ചുള്ള തെരച്ചിലിൽ പാറമടയിൽ കുടുങ്ങിക്കിടന്ന ഹിറ്റാച്ചിയുടെ കാബിനുള്ളിൽ കുടുങ്ങിയ നിലയിലാണ് അജയ് റായിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പാറമടയിൽ അപകടം ഉണ്ടായത്.
അന്നു വൈകുന്നേരം തന്നെ തൊഴിലാളിയായ മഹാദേവ് പ്രദാന്റെ മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രണ്ടുദിവസത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അജയ് റായിയുടെ മൃതദേഹം പുറത്തെടുക്കാനായത്.
ഒഡീഷ സ്വദേശിയായ അജയ് റായ് (38) കുടുംബത്തിന്റെ ആശ്രയമായിരുന്നു. മൂന്ന് മക്കളും ഭാര്യയും അങ്ങുന്ന കുടുംബം അജയ് യുടെ വരുമാനത്തിലാണ് കഴിഞ്ഞിരുന്നതെന്ന് സഹോദരൻ സച്ചിദാനന്ദ റായ് പറഞ്ഞു.
photo : അപകടത്തിൽ മരിച്ച അജയ റായിയുടെ സഹോദരൻ സച്ചിദാനന്ദ റായ് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനു മുന്പിൽ പൊട്ടിക്കരയുന്നു.