വിപണിയിൽ മരുന്നിനു തീവില; സർക്കാർ ആശുപത്രികളിൽ ക്ഷാമം
1574759
Friday, July 11, 2025 3:53 AM IST
റാന്നി: ജീവൻരക്ഷാ ഔഷധങ്ങൾ ഉൾപ്പെടെ എല്ലാ മരുന്നുകൾക്കും വില ഉയർത്തി മരുന്നു കമ്പനികൾ. മാർക്കറ്റിൽ ഉയർന്ന വിലയുള്ള കമ്പനികളുടെ മരുന്നുകൾ ഒട്ടുമിക്ക ഡോക്ടർമാരും കുറിക്കുന്നതുമൂലം വില താങ്ങാനാകാതെ വലയുകയാണ് രോഗികളും കുടുംബങ്ങളും.
റാന്നി താലൂക്കാശുപത്രിയിലുൾപ്പെടെ വൻ കൊള്ളയാണ് നടക്കുന്നതെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. ആശുപത്രിയിൽ അവശ്യ മരുന്നു പോലും ഇല്ലാത്ത സ്ഥിതിയാണ്. സർവസാധാരണമായ ഏതാനും ഗുളികളൊഴിച്ച് മുഴുവൻ പുറത്തുള്ള മെഡിക്കൽ സ്റ്റോറുകളിലേക്ക് കുറിപ്പെഴുതുകയാണ് ഡോക്ടർമാർ.
അസ്ഥി സംബന്ധമായ രോഗങ്ങളാൽ അലട്ടുന്നവർക്കും ഞരന്പു സംബന്ധമായ രോഗികൾക്കും മാനസിക ചികിത്സ ക്ലിനിക്കിനെ ആശ്രയിക്കുന്ന രോഗികൾക്കുമൊന്നും ആശുപത്രിയിൽ നിന്ന് മരുന്നു കിട്ടില്ലെന്നാണ് പരാതി. മാത്രമല്ല, ഇത്തരം മരുന്നുകൾക്ക് പുറത്ത് മെഡിക്കൽ സ്റ്റോറുകളിൽ തീവിലയാണ്. ഗുളിക ഒന്നിന് 10 മുതൽ 20 രൂപ വരെയാണ് വിലയെന്ന് പലരോഗികളുടെയും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരം രോഗികൾക്ക് മാസങ്ങളും ചിലപ്പോൾ വർഷങ്ങളോളവും മരുന്നുകൾ കഴിക്കേണ്ട അവസ്ഥയുണ്ടെങ്കിലും വൻ വില നൽകി ഇവ പുറത്തു നിന്നു വാങ്ങുന്നവരുടെ നിസഹായതകാണാൻ ആരോഗ്യ വകുപ്പിനോ സർക്കാരിനൊ കണ്ണില്ല. സർക്കാർ താലൂക്കാശുപത്രിയോടനുബന്ധിച്ച് സാധാരണക്കാർക്ക് ന്യായവിലയിൽ ഇത്തരം മരുന്നുകൾ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനോ സർക്കാരിനോ കഴിയുമെന്നിരിക്കേ ഇതിനായി യാതൊരു നടപടികളും ഉണ്ടാകുന്നതുമില്ല.
റാന്നി താലൂക്ക് ആശുപത്രി പൂർണതോതിൽ പ്രവർത്തനം തുടങ്ങിയ കാലഘട്ടത്തിൽ മെച്ചമായ രീതിയിലാണ് നടന്നുവന്നത്. കോവിഡ് കാലഘട്ടത്തിൽ സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ പ്രവർത്തനം ആശുപത്രിയിലുണ്ടായി. സർക്കാർ ആശുപത്രികളോടനുബന്ധിച്ചുള്ള സംവിധാനങ്ങൾ ഉണ്ടായാലും അവ പക്ഷഭേദമില്ലാതെ മുഴുവൻ രോഗികൾക്കും ഗുണകരമാകുന്ന അവസ്ഥയാണ് സംജാതമാക്കേണ്ടത്.
ഇതോടൊപ്പം അപകടത്തിലും മറ്റും പെട്ട് രാത്രികാലങ്ങളിലും മറ്റും കൊണ്ടുവരുന്ന രോഗികളെ നേരെ മെഡിക്കൽ കോളജുകളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും ഉടൻ പറഞ്ഞു വിടാനുള്ള വ്യഗ്രതയാണ് ഡോക്ടർക്കും ജീവനക്കാർക്കുമെന്നും പരാതിയുണ്ട്. കാഷ്വാലിറ്റിയിൽ എല്ലാ വിഭാഗങ്ങളിലും അത്യാവശ്യം അറിവുള്ള ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.