റാന്നി സെന്റ് തോമസ് കോളജ് വജ്രജൂബിലി സമാപനവും പൂർവ വിദ്യാർഥീ സംഗമവും നാളെ
1574748
Friday, July 11, 2025 3:40 AM IST
പത്തനംതിട്ട: റാന്നി സെന്റ് തോമസ് കോളജ് വജ്രജൂബിലി സമാപനവും പൂർവ വിദ്യാർഥി സംഗമവും നാളെ നടക്കും. ഇതിനു മുന്നോടിയായ വിളംബര ജാഥ ഇന്ന് 1.30ന് കോളജ് അങ്കണത്തിൽ റാന്നി ഡിവൈഎസ്പി ആർ. ജയരാജ് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മാനേജർ പ്രഫ. റോയി മേലേലും പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സ്നേഹ എൽസി ജേക്കബും പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ 9.30ന് വജ്രജൂബിലി സമാപന സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കോളജ് മാനേജർ പ്രഫ.റോയി മേലേൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, അലുമ്നി അസോസിയേഷൻ പ്രസിഡന്റ് രാജു ഏബ്രഹാം, വലിയ പള്ളി വികാരി ഫാ.എം.സി. സഖറിയ, കോളജ് സെക്രട്ടറി ഷെവ. പ്രഫ.പ്രസാദ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. കോളജ് വിദയാർഥികളും താജ് പത്തനംതിട്ടയും ചേർന്നൊരുക്കുന്ന കലാപരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരുവർഷമായി നടന്നുവന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻഎസ്എസ് നേതൃത്വത്തിൽ കോളജിലെ ഒരു വിദ്യാർഥിക്ക് വീടു നിർമിച്ചു നൽകി. പ്രഫ.വർഗീസ് പടിയറ, പ്രഫ.കെ.എ. മാത്യു സ്മാരക പ്രസംഗ മത്സരങ്ങൾ, പി. ജേക്കബ് സ്റ്റീഫൻ സ്മാരക ലെഗസി അവാർഡ്, തുടങ്ങിയവ ക്രമീകരിച്ചു.
1979 - 81 പ്രീഡിഗ്രി ബാച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട രണ്ട് വിദ്യാർഥിനികളുടെ പേരിൽ ഒരോ ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നൽകുകയും അവരുടെ വീടുകൾ പുനരുദ്ധരിക്കുകയും ചെയ്തു. വിവിധ സെമിനാറുകൾ, ചലച്ചിത്രോത്സവം റൂസ ഫണ്ടുപയോഗിച്ചുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു. അലുമ്നി അസോസിയേഷൻ സെക്രട്ടറി ഡോ.എം.കെ. സുരേഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.