ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ
1574514
Thursday, July 10, 2025 3:47 AM IST
അടൂർ: സ്വന്തം തല സംരക്ഷിക്കാനായി ഹെൽമറ്റ് ധരിച്ച് പണിമുടക്ക് ദിവസം ബസോടിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ കുമ്പളാംപൊയ്ക സ്വദേശി ഷിബു തോമസാണ് ഹെൽമറ്റ് ധരിച്ച് ബസോടിച്ചത്. കണ്ടക്ടറായി കീരുകുഴി പാലവിളയിൽ ഡിക്സൺ കെ. ഡൊമനിക്കും ഒപ്പം കൂടി. കെഎസ്ആർടിസിയിൽ താത്കാലിക ജീവനക്കാരാണ് ഇരുവരും.
പത്തനംതിട്ട ഡിപ്പോയിൽ നിന്നും രാവിലെ 6.20നു കൊല്ലത്തേക്കുള്ള ആർഎൻകെ 482 ചെയിൻ സർവീസ് ബസിലാണ് ഇരുവരും ജോലിക്കെത്തിയത്. രാവിലെ ബസ് പുറപ്പെടുന്പോൾ യാത്രക്കാരും ഉണ്ടായിരുന്നു. എന്നാൽ അടൂരിൽ ബസ് എത്തിയപ്പോൾ സമരാനുകൂലികൾ തടഞ്ഞു. സർവീസ് പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതോടെ ഷിബുവിനും ഡിക്സനും ജോലി തുടരാനായില്ല.
ബസിന് നേരേ ആരെങ്കിലും കല്ല് വലിച്ചെറിത്താൽ അപകടം സംഭവിക്കാതിരിക്കാനാണ് ഹെൽമറ്റ് ധരിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. ജോലി ചെയ്തെങ്കിൽ മാത്രം കൂലി ലഭിക്കുന്ന തങ്ങൾ പണിമുടക്കിയിട്ടെന്തു കാര്യമെന്ന് ഇരുവരും ചോദിക്കുന്നു.