അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിക്കണം; പ്രതിഷേധ സമരം ഇന്ന്
1574760
Friday, July 11, 2025 3:53 AM IST
ആനിക്കാട് : വായ്പൂര് എംആർഎസ്എൽബിവി ഹയർ സെക്കൻഡറി സ്കൂളിലെ അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചു മാറ്റണമെന്നാവശ്യം ശക്തമായി. സ്കൂളിന്റെ മുൻവശത്തുള്ള ആദ്യ കെട്ടിടമാണിത്. ജീർണാവസ്ഥയിലായ കെട്ടിടം ഏതുനിമിഷവും താഴെ വീഴാവുന്ന സ്ഥിതിയാണ്. ക്ലാസ് മുറിയായി ഇതുപയോഗിക്കുന്നില്ലെങ്കിലും കുട്ടികൾ ഇതിനുള്ളിൽ കയാറുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
തിരുവിതാംകൂർ രാജകുടുംബാംഗത്തിന്റെ നാമധേയത്തിലുള്ള സംസ്ഥാനത്തെ അപൂർവം സ്ഥാപനങ്ങളിലൊന്നാണിത്. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ ഇതിനു മുന്പു നൽകിയിരുന്നു.
കെട്ടിടം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 12 ന് സ്കൂൾ കവാടത്തിൽ പ്രതിഷേധ സമരം നടത്തും. പ്രസിഡന്റ് തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് സീനിയർ ജനറൽ സെകട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്യും.