വെൽഡൺ, റെസ്ക്യൂ ടീം
1574509
Thursday, July 10, 2025 3:47 AM IST
പത്തനംതിട്ട: അത്യന്തം അപകടകരമായ സാഹചര്യത്തിൽ രണ്ടുദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘാംഗങ്ങളുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടു.
കോന്നി പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിലെ അപകടവിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന് ആദ്യം അപകടത്തിന്റെ രൂക്ഷത അത്രയും വെളിവായില്ല. പാറമടയ്ക്കുള്ളിൽ അടർന്നുവീണ പാറയ്ക്കടയിൽ ഒരു മൃതദേഹം അപ്പോൾ തന്നെ കാണാനായി. ഇതു പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിൽ പ്രവർത്തനം തുടങ്ങിയ സംഘത്തിനു വെല്ലുവിളിയായത് തുടർച്ചയായ പാറ ഇടിച്ചിൽ ആയിരുന്നു. പല കോണുകളിൽ നിന്നും കല്ലുകൾ അടർന്നു വീഴാൻ തുടങ്ങിയതോടെ പ്രവർത്തനം ദുഷ്കരമായി.
കൂടുതൽ സേനാംഗങ്ങൾ വടവും ചങ്ങലയും ക്രെയിനുമായി സ്ഥലത്തെത്തി. ജില്ലയിൽ ക്യാന്പ് ചെയ്തിരുന്ന 27 അംഗ എൻഡിആർഎഫ് സംഘവും പാഞ്ഞെത്തി. വൈകുന്നേരത്തോടെ പാറകൾ നീക്കി ഒരു മൃതദേഹം പുറത്തെടുത്തതിനു പിന്നാലെ ഉണ്ടായ പാറ ഇടിച്ചിലാണ് ഇനിയുള്ള രക്ഷാദൗത്യത്തെ പിന്നോട്ടടിച്ചത്. മൃതദേഹം പുറത്തെടുക്കാൻ നാലംഗഫയർഫോഴ്സ് സംഘം ഇറങ്ങിയ അതേ സ്ഥാനത്തേക്ക് അടർന്നുവീണ പാറക്കെട്ടുകൾ കണ്ട് എല്ലാവരും ഭയന്നു. അല്പ സമയം മുന്പാണ് ഇതു സംഭവിച്ചിരുന്നതെങ്കിൽ എന്നോർത്ത് സ്ഥലത്തുണ്ടായിരുന്ന ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അടക്കം നെടുവീർപ്പിട്ടു.
ചൊവ്വാഴ്ച രാവിലെ രക്ഷാദൗത്യം പുനരാരംഭിച്ചത് മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലായിരുന്നുവെങ്കിലും പാറ ഇടിച്ചിൽ തുടർന്നതോടെ ഇതു നിർത്തിവയ്ക്കേണ്ടിവന്നു. മനുഷ്യസാധ്യമല്ല തുടർ പ്രവർത്തനമെന്നു മനസിലാക്കിയതോടെയാണ് ഉപകരണങ്ങൾ തേടിയത്. വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്നു ലോംഗ് ബൂം ഹിറ്റാച്ചി സ്ഥലത്തെത്തി. പിന്നീടു കാര്യങ്ങൾ വേഗത്തിലായി.
പാറമടയുടെ കരയിൽ നിന്നുകൊണ്ട് ഹിറ്റാച്ചിയുടെ കൈ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചിയെ തൊടാമെന്നായി. സമീപത്തെ പാറക്കല്ലുകൾ നീക്കി ഹിറ്റാച്ചിയുടെ കാബിൻ ഉയർത്താനായി പിന്നീടുള്ള ശ്രമം. രണ്ടര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെ അജയ് റായിയുടെ മൃതദേഹം ഹിറ്റാച്ചിക്കുള്ളിൽ കണ്ടു.
അഗ്നിരക്ഷാ സേനയുടെ പ്രത്യേക ദൗത്യസംഘത്തിലെ അമൽ, ജിത്ത്, ബിനുമോൻ എന്നിവർ വടത്തിൽ സാഹസികമായി താഴേക്ക് ഇറങ്ങി. മൃതദേഹം ഇവർ പുറത്തെത്തിച്ചതോടെ സാഹസികമായ ഒരു ദൗത്യം പൂർത്തിയായി. ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ 20 അംഗ ടീമാണ് രാവിലെ മുതൽ ദൗത്യം നടത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണ് അഗ്നിസുരക്ഷാ സേന, എൻഡിആർഎഫ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ചത്. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ രണ്ടുദിവസവും സ്ഥലത്തു ക്യാന്പ് ചെയ്തിരുന്നു. എഡിഎം ബി. ജ്യോതി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.
ഫയർഫോഴ്സ് ജില്ലാ ഓഫീസർ ബി.എം. പ്രതാപചന്ദ്രൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബു എന്നിവരാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയൻ ടീം കമാൻഡർ സഞ്ജയ് സിംഗ് മൽസുനിയുടെ നേതൃത്വത്തിൽ 27 അംഗ എൻഡിആർഎഫ് സംഘമാണ് സ്ഥലത്തെത്തിയിരുന്നത്.