മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ശോച്യാവസ്ഥയിൽ; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
1574756
Friday, July 11, 2025 3:53 AM IST
പത്തനംതിട്ട: അപകടാവസ്ഥയിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടം കൃത്യമായ പരിപാലനം ഇല്ലാതെ ശോചനീയാവസ്ഥയിലായതിനെത്തുടർന്ന് വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.
നിരന്തരം ദ്രവിച്ച കോൺക്രീറ്റ് പാളികൾ ഇളകിവീഴുന്നതുമൂലം കെട്ടിടത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരും പലവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങളും സുരക്ഷിതരല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിരന്തരമായ ഓർമപ്പെടുത്തലുകളും മാധ്യമ ഇടപെടലുകളും നടത്തിയിട്ടുണ്ടെങ്കിലും ഗവൺമെന്റോ സ്ഥലം എംഎൽഎയും മന്ത്രിയുമായ വീണാ ജോർജോ ഈ വിഷയത്തിൽ നാളിതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
കെട്ടിടം ഉടനടി പുതുക്കിപ്പണിയുന്നില്ലെങ്കിൽ ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി എല്ലാവർക്കും ഓരോ ഹെൽമറ്റും ഫസ്റ്റ് എയ്ഡ് കിറ്റെങ്കിലും ലഭ്യമാക്കണമെന്ന് കോഴഞ്ചേരി തഹസീൽദാർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ഫസ്റ്റ് എയ്ഡ് കിറ്റും ഹെൽമറ്റും കൈമാറുകയും ചെയ്തു.