പണിമുടക്ക് പൂർണം; ജനജീവിതത്തെ ബാധിച്ചു
1574513
Thursday, July 10, 2025 3:47 AM IST
പത്തനംതിട്ട: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു. ഇടതു, വലതു ട്രേഡ് യൂണിയനുകൾ വ്യത്യസ്ത വേദികളിലായാണ് ഇത്തവണ പൊതുപണിമുടക്കിൽ പങ്കെടുത്തത്. പണിമുടക്കിനേ തുടർന്ന് ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തനം തടസപ്പെട്ടു. കടകന്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതുഗതാഗതവും തടസപ്പെട്ടു.
രാവിലെ ചുരുക്കം ചില കെഎസ്ആർടിസി ബസുകൾ ഓടിയെങ്കിലും ഉച്ചയോടെ ഇവയും തടസപ്പെട്ടു. തുറന്ന ഓഫീസുകൾ അടപ്പിക്കാനും സർവീസ് നടത്തിയ ബസുകൾ നിർത്തിവയ്പിക്കാനും ചില ശ്രമങ്ങൾ നടന്നതൊഴിച്ചാൽ പണിമുടക്ക് പൊതുവെ സമാധാനപരമായിരുന്നു. യുഡിഎഫ്, ബിജെപി അനുകൂല സർവീസ് സംഘടനകളും അധ്യാപകരും പണിമുടക്കിൽ നിന്നുവിട്ടു നിന്നിരുന്നു. ഇവർ ജോലിക്കെത്തിയെങ്കിലും പലയിടങ്ങളിലും തടസങ്ങളുണ്ടായി.
ജില്ലാ ആസ്ഥാനത്തേതുൾപ്പെടെ മിക്ക സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു. ഓഫീസ് മേധാവികൾ എത്താതിരുന്നതിനാൽ ഇവ തുറക്കാനായില്ല. സെറ്റോ സർവീസ് സംഘടനകൾ പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല. ജോലിക്കെത്തിയ ഇവരെ പിന്തിരിപ്പിക്കാൻ ഇടത് സംഘടനകൾ ശ്രമിച്ചതായും പരാതിയുണ്ട്. ചില സ്കൂളുകളിൽ ജോലിക്കെത്തിയ അധ്യാപകരെയും തടയാൻ ശ്രമമുണ്ടായി.