പയ്യനാമൺ ക്വാറി ദുരന്തം: പ്രതിഷേധവുമായി നാട്ടുകാർ
1574507
Thursday, July 10, 2025 3:47 AM IST
നിയമലംഘനത്തിന് ചൂട്ടുപിടിച്ച്, ദുർബല വകുപ്പുകൾ ചുമത്തി എഫ്ഐആർ
പത്തനംതിട്ട: പാറക്കൂട്ടം അടർന്നു വീണ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിലെ നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം.
ക്വാറിക്ക് പ്രവർത്തന ലൈസൻസുണ്ടെങ്കിലും താത്കാലികമായ നിരോധനമാണ് ജില്ലാ കളക്ടർ നൽകിയിരിക്കുന്നത്. എന്നാൽ ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുന്പ് നാട്ടുകാർ നൽകിയ പരാതികൾ മറച്ചുപിടിച്ചാണ് അധികൃതരുടെ അന്വേഷണമെന്ന് പറയുന്നു. കാർമല, ചേരിക്കൽ നിവാസികൾ മുന്പ് പാറമടയ്ക്കെതിരേ പരാതി നൽകിയിരുന്നു. അപകടത്തേ തുടർന്നു സ്ഥലത്തെത്തിയ റവന്യൂ, ജിയോളജി, പോലീസ് ഉദ്യോഗസ്ഥർക്ക് നിയമലംഘനങ്ങൾ വ്യക്തമായിട്ടും തുടർ നടപടികളിൽ മെല്ലപ്പോക്ക് തുടരുകയാണ്.
ബാലിശമായ വകുപ്പുകൾ ചുമത്തിയാണ് അപകടവുമായി ബന്ധപ്പെട്ടു കോന്നി പോലീസ് എഫ്ഐആറിട്ടിരിക്കുന്നത്. അടൂർ ആർഡിഒ കോടതിയിലാണ് ഇതു സമർപ്പിച്ചത്. അസ്വാഭാവിക മരണത്തിനു മാത്രമാണ് കേസ് ചുമത്തിയിരിക്കുന്നത്. ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള നിർദേശങ്ങൾ മറികടന്നായിരുന്നു പ്രവർത്തനമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ മരണം കൊലപാതകമായി കണ്ട് നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
തുടർച്ചയായ സ്ഫോടനങ്ങളും അപകടകരമായ സാഹചര്യങ്ങളും ബോധ്യപ്പെട്ടിട്ടും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രദേശവാസികൾക്കുവേണ്ടി ചെറുവാഴക്കുന്നിൽ റോഷൻ ഈപ്പൻ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ ക്വാറി പ്രവർത്തനം സംബന്ധിച്ച വകുപ്പുതല യോഗം അടുത്ത ദിവസം ചേരുമെന്നും പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു.