ക്വാറികളിൽ പരിശോധനയ്ക്കു നിർദേശം; ചെങ്കുളത്ത് പാറമടയ്ക്കെതിരേ ശക്തമായ നടപടി
1574750
Friday, July 11, 2025 3:40 AM IST
കോന്നി: രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കുളത്ത് ക്വാറി ഉടമയ്ക്കെതിരേ കൂടുതൽ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കാന്‍ പോലീസിനോടു നിർദേശിച്ചതായി കെ.യു. ജനീഷ് കുമാർ എംഎൽഎ.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍, സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ആരോപണം ഉയര്ന്നതിനേതുടര്ന്നാണ് എംഎല്‍എയുടെ നിര്‍ദേശം. പാറമട അപകടവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദേശം.
പാറമടയ്ക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കും. ക്വാറി ഉടമ പഞ്ചായത്ത് വഴി കൈയേറി ഗേറ്റ് സ്ഥാപിച്ചതായി തെളിഞ്ഞാല്‍ പോലീസിനെ ഉപയോഗിച്ച് പൊളിച്ചു മാറ്റും. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമായിരിക്കും നടപടി. ജലസോത്രസുകളിലേക്ക് ക്വാറിയില്‍നിന്ന് മാലിന്യം ഒഴുകുന്നതിനെക്കുറിച്ചുള്ള ആരോപണം അന്വേഷിക്കും. ഉരുള്‍പൊട്ടല്‍ മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന വാദവും പരിശോധിക്കും. ജില്ലാ ഭരണകൂടവും സര്‍ക്കാരും ജനങ്ങള്‍ക്കൊപ്പമാണെന്ന് എംഎല്‍എ പറഞ്ഞു.
കോന്നി, റാന്നി മേഖലയിലടക്കം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെങ്കുളത്ത് ക്വാറി നിയമവിരുദ്ധമായാണോ പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കും. നിലവില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. അന്വേഷണത്തിന് ശേഷമേ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കൂ.
റവന്യൂ ഭൂമി കൈയേറി ഖനനം നടത്തിയെന്ന ആരോപണം പരിശോധിക്കാന്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. അടൂര്‍ ആര്‍ഡിഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, ജില്ലാ ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്, കോന്നി തഹസില്‍ദാര്‍ എന്‍.വി.സന്തോഷ്, കോന്നി ഡിവൈഎസ്പി ജി.അജയ്നാഥ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്വാറി അപകടം: കൊലക്കുറ്റത്തിനു കേസെടുക്കണം
കോന്നി: പയ്യനാമൺ ചെങ്കുളത്ത് ക്വാറിയി ഉണ്ടായ ദുരന്തത്തിന് ഉത്തരവാദികൾ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളുമാണെന്നും അവർക്കും ക്വാറി ഉടമയ്ക്കുംഎതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു. ജില്ലയിലെരാഷ്ട്രീയ ഭരണ നേതൃത്വമാണ് നിയമ ലംഘനത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നതെന്നും ക്വാറി സന്ദർശിച്ചശേഷം മധു ആവശ്യപ്പെട്ടു.
ജിയോളജി, റവന്യൂ, മാലിനീകരണ നിയന്ത്രണ ബോർഡ്, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയെല്ലാം ക്വാറിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടു. എല്ലാ നിയമങ്ങളും ലംഘിച്ചു ക്വാറി പ്രവർത്തിക്കാൻ അനുമതി നൽകിയത് ഈ ഉദ്യോഗസ്ഥരാണ്.
അപകടം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് നടത്തിയ നിയമലംഘനമാണ്. നിയമം ലംഘിച്ച ക്വാറി ഉടമയും അതിന് കണ്ണടച്ച് കൊടുത്തവരും കൊലക്കേസിൽ പ്രതികളാകണം. ഈ അപകടം ഉണ്ടായ സാഹചര്യത്തിൽ കോന്നി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എല്ലാ പാറമടകളുടെയും അനുമതി റദ്ദാക്കണമെന്നും മധു ആവശ്യപ്പെട്ടു.
പാറ ഉടമയെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് കോന്നി എം എൽ എ യും സിപിഎം നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്. അവടെ സംരക്ഷണയിലാണ് നിയമലംഘനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ്.കോന്നി, സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബിജു കൂടൽ, മോൻസി പയ്യനാമൺ, കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് ക്രിസ്റ്റോ വർഗീസ് മാത്യു, ജസ്റ്റിൻ തരകൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.