ഉത്തരവിറങ്ങി; ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക്
1574752
Friday, July 11, 2025 3:41 AM IST
പത്തനംതിട്ട: സാങ്കേതിക തടസങ്ങൾ പറഞ്ഞ് മാറ്റിവച്ചിരുന്ന ഉത്തരവ് ഇന്നലെ പുറത്തുവന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശോച്യാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിച്ചിരുന്ന ശസ്ത്രക്രിയ വിഭാഗങ്ങൾ കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിക്കൊണ്ടുള്ളതാണ് ഉത്തരവ്.
പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ഇതു സംബന്ധമായി മന്ത്രിതലത്തിലുൾപ്പെടെ ചർച്ച നടത്തി തീരുമാനമെടുത്തിരുന്നുവെങ്കിലും ഡോക്ടർമാരുടെ ഭാഗത്തു നിന്ന് എതിർപ്പുണ്ടായതോടെ ഉത്തരവ് വൈകുകയായിരുന്നു. ഗൈനക്കോളജി വിഭാഗം പൂർണമായി കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റും.
രണ്ടിടങ്ങളിലെയും ഇതു സംബന്ധമായ വിഭാഗങ്ങൾ ഇനി ഒറ്റ യൂണിറ്റായിരിക്കുമെന്ന പ്രത്യേക പരാമർശമുണ്ട്. മറ്റ് വിഭാഗങ്ങളിൽ നേരത്തെ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളവർക്ക് ജില്ലാ ആശുപത്രിയിലും മറ്റ് താലൂക്ക് ആശുപത്രികളിലുമായി പൂർത്തിയാക്കണം. ഡോക്ടർമാരെയും മെഡിക്കൽ കോളജിലേക്ക് പുനർവിന്യസിക്കേണ്ടിവരുന്ന തരത്തിലാണ് ഉത്തരവ്.
എന്നാൽ മൈനർ ശസ്ത്രക്രിയ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തന്നെ തുടരും. ആശുപത്രി കെട്ടിടം തകരാറിലാണെന്ന റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ കെട്ടിടം അടച്ചിട്ട് നവീകരണ ജോലികൾ ആരംഭിക്കണമെന്ന തീരുമാനമുണ്ടായതാണ്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി ഉത്തരവ് പുറത്തിറക്കാൻ നാലുമാസം വേണ്ടിവന്നു.
ബി ആൻഡ് സി ബ്ലോക്ക് കൂടി അടച്ചിടുന്നതോടെ ജനറൽ ആശുപത്രിയിൽ ഇനി ഒപി വിഭാഗവും നൂറിൽ താഴെ കിടക്കകളുമാകും. 414 കിടക്കകളാണ് ബി ആൻഡ് സി ബ്ലോക്കിൽ ഉണ്ടായിരുന്നത്. പഴയ അത്യാഹിത വിഭാഗം കെട്ടിടം പൊളിച്ചതോടെ അവിടെയുണ്ടായിരുന്ന വാർഡുകളും ഇല്ലാതായി.
ശസ്ത്രക്രിയാ ഉപകരണങ്ങൾ മാറ്റും
ഉത്തരവിറങ്ങിയതോടെ ജനറൽ ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയ ഉപകരണങ്ങൾ കോന്നി മെഡിക്കൽ കോളജിലെത്തിച്ചെങ്കിൽ മാത്രമേ അവിടെ ശസ്ത്രക്രിയകൾ നടത്താനാകൂ. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ പായ്ക്ക് ചെയ്തു കൊണ്ടുപോകാനായി ടെൻഡർ നൽകിയെങ്കിലും അനുയോജ്യരായവരെ ലഭിച്ചിട്ടില്ല. ഉപകരണങ്ങൾ നീക്കുന്നതിലേക്ക് എൻഎച്ച്എം പ്രത്യേക ഫണ്ടായി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എല്ലാ ഉപകരണങ്ങളും കൊണ്ടുപോകേണ്ടതിലലെന്നാണ് ഇപ്പോഴത്തെ തീരുമാനം. ബി ആൻഡ് സി ബ്ലോക്കിന്റെ നവീകരണം പൂർത്തിയാകുന്നതോടെ ഈ ഉപകരണങ്ങൾ തിരികെ എത്തിക്കേണ്ടതുണ്ട്.
സംവിധാനങ്ങൾ മാറ്റുന്നതിനൊപ്പം ഡോക്ടർമാരും ജീവനക്കാരും അടക്കം കുറെയധികം ആളുകളെ താത്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ കോളജിലേക്കു മാറ്റാനാണ് നിർദേശം. എന്നാൽ ആരോഗ്യ വകുപ്പിനു കീഴിലുള്ള ജനറൽ ആശുപത്രിയിൽ ജോലിയെടുക്കുന്നവരെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കൽ കോളജിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട സാങ്കേതികത്വം എങ്ങനെ പരിഹരിക്കുമെന്നതിലും തീരുമാനമില്ല.
സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കെലിനെയാണ് ബി ആൻഡ് സി ബ്ലോക്ക് നവീകരണ ജോലികള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയാണ് പണികള്‍ ഏല്പിച്ചിരിക്കുകയാണ്. 21 ന് പണികള്‍ ആരംഭിക്കാനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നതെന്ന് പറയുന്നു.