സമഗ്ര പ്രസിഷൻ മെഡിസിൻ സേവനങ്ങൾ ബിലീവേഴ്സ് ആശുപത്രിയിൽ
1574753
Friday, July 11, 2025 3:53 AM IST
തിരുവല്ല: ഓരോ രോഗിയുടെയും രോഗാവസ്ഥയ്ക്കും ആരോഗ്യത്തിനും അനുസൃതമായി മരുന്നിന്റെ അളവ് നിശ്ചയിച്ച് നിർദിഷ്ടഫലം ലഭിക്കുന്നതിനായി സമഗ്ര പ്രസിഷൻ മെഡിസിൻ സേവനങ്ങൾ ബിലീവേഴ്സ് ആശുപത്രിയിൽ ആരംഭിച്ചു. കേരളത്തിൽ ഇദംപ്രഥമമായി ആരംഭിച്ച ഈ സേവന സംരംഭം രോഗീപരിചരണത്തിലും ഫലപ്രാപ്തിയിലും ചികിത്സാച്ചെലവിലും വലിയ സ്വാധീനം ചെലുത്തും.
തെറാപ്യൂട്ടിക് ഡ്രഗ് മോണിറ്ററിംഗ് സംബന്ധമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഭാഗമായാണ് പ്രസിഷൻ മെഡിസിൻ സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ലിജു രാജു താമരക്കുടി പ്രസിഷൻ മെഡിസിൻ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
അമൃത ആശുപത്രി കൺസൾട്ടന്റ് ഓങ്കോളജിസ്റ്റായ ഡോ. കെ. പവിത്രൻ മുഖ്യാതിഥിയായിരുന്നു. ഫാർമക്കോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജസുറൻ, ഡോ. സുമിത് കെ. മാത്യു, ഫാ. തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
തെറാപ്യൂട്ടിക് ഡ്രഗ് മോണിറ്ററിംഗ്, ഫാർമക്കോ ജീനോമെക്സ്, ഫാർമക്കോ മെട്രിക്സ് എന്നിവയെല്ലാം സംയോജിപ്പിച്ച് ആരംഭിച്ച സമഗ്ര പ്രസിഷൻ മെഡിസിൻ സേവനങ്ങളിലൂടെ വ്യക്തി കേന്ദ്രീകൃതമായ ആരോഗ്യപരിചരണം ഉറപ്പുവരുത്താനാകുമെന്ന് ഫാർമക്കോളജി വിഭാഗം മേധാവി ഡോ.ജേക്കബ് ജസുറൻ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഡോ. സുമിത് കെ. മാത്യുവിന്റെ നേതൃത്വത്തിൽ ബിലീവേഴ്സ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന അനലിറ്റിക്കൽ കെമിസ്ട്രി ലാബ്, ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലബോറട്ടറി ആണ്.