തുരുത്തിക്കാട് ബിഎഎം കോളജ് ആഗോള പൂർവവിദ്യാർഥീ സംഗമം 15ന്
1574749
Friday, July 11, 2025 3:40 AM IST
പത്തനംതിട്ട: തുരുത്തിക്കാട് ബിഎഎം കോളജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായ പൂർവ വിദ്യാർഥി സംഗമം 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ബാംക എന്ന പേരിൽ രജിസ്ട്രേഷനോടെ പ്രവർത്തിക്കുന്ന പർവവിദ്യാർഥി സംഘടനയാണിത്.
കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബാംക പ്രസിഡന്റ് കോശി പി. സഖറിയ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ എന്നിവർ മുഖ്യാതിഥികളാകും. കലാപരിപാടികൾ, പൂർവ വിദ്യാർഥികളുടെ സൗഹൃദ കൂട്ടായ്മ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടാകും.
സംഗമത്തിൽ പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ, മുൻ ജീവനക്കാർ എന്നിവരോടൊപ്പം കോളജിലെ അധ്യാപക, അനധ്യാപക ജീവനക്കാരും വിദ്യാർഥികളും പങ്കെടുക്കും. നാട്ടിലെത്താൻ കഴിയാതിരുന്ന പൂർവവിദ്യാർഥികൾക്ക് ഓൺലൈനായും സംഗമത്തിൽ പങ്കെടുക്കാനാകും.
വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പൂർവവിദ്യാർഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുണ്ട്. കോളജ് മാനേജർ ഡോ.മാത്യു പി. ജോസഫ്, പ്രിൻസിപ്പൽ ജി.എസ്. അനീഷ് കുമാർ, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് കോശി പി. സഖറിയ, സെക്രട്ടറി ജേക്കബ് തോമസ്, എൻസ് മാത്യൂസ്, ബിജു നൈനാൻ, റെനി കെ. ജേക്കബ് എന്നിവർ പത്സമ്മേളനത്തിൽ പങ്കെടുത്തു.