പദയാത്രയ്ക്കു പുല്ലാട്ട് സ്വീകരണം
1574744
Friday, July 11, 2025 3:40 AM IST
പുല്ലാട്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പായിരുന്ന ധന്യൻ മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വെണ്ണിക്കുളം മേഖലയിൽ നിന്നുള്ള തീർഥാടന പദയാത്രയ്ക്ക് പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിൽ സ്വീകരണം നൽകി.
സ്കൂൾ സ്ഥാപകനായ വരിക്കണ്ണാമല വൈദ്യൻ എൻ. നാരായണപ്പണിക്കരും ഈവാനിയോസ് മെത്രാപ്പോലീത്തയും തമ്മിലുള്ള സുദൃഢമായ സാഹോദര്യത്തിന്റെ സ്മരണകളുമായി എത്തുന്ന പദയാത്രയെ അധ്യാപകരും അനധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
സ്കൂൾ പ്രഥമാധ്യാപകൻ സുധീർ ചന്ദ്രനും പിടിഎ പ്രസിഡന്റ് കെ.ജി. ജി രാജേന്ദ്രൻ നായരും കുരിശിൽ ഷാൾ അണിയിച്ച് പദയാത്രയെ സ്വീകരിച്ചു. വികാരി ജനറൽ ഡോ. ഐസക് പറപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. എംസിഎ പ്രസിഡന്റ് ഷാജി പൂച്ചേരി നന്ദി പറഞ്ഞു. വരിക്കണ്ണാമല കുടുംബാംഗങ്ങൾക്കു വേണ്ടി അനീഷ് വരിക്കണ്ണാമലയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
പുല്ലാട് ജംഗ്ഷനിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലെത്തിയ പദയാത്രയെ അമൃത ഗോശാല ചെയർമാൻ അജയകുമാർ വല്ല്യുഴത്തിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.