വയോധികയെ കാടിനോടു ചേര്‍ന്ന് കണ്ടെത്തി; ചുമന്നു റോഡിലെത്തിച്ച് പോലീസ് ഇൻസ്പെക്ടർ
1574761
Friday, July 11, 2025 3:53 AM IST
പത്തനംതിട്ട: കാണാതായ വയോധികയെ കാടിനോടു ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തി. മലയാലപ്പുഴ വടക്കുപുറം നല്ലൂര് തേവള്ളില്‍ കൊല്ലംപറമ്പില്‍ സരസ്വതിയെയാണ് (77) മലയാലപ്പുഴ എസ്എച്ച്ഒ ബി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വടക്കുപുറം മീന്മുട്ടിക്കല് വെള്ളചാട്ടത്തിന് സമീപം കാടിനോടുചേര്‍ന്ന് കണ്ടെത്തിയത്.
പതിവുപോലെ രാവിലെ അമ്പലത്തില്‍ പോയ മാതാവ് ഇതുവരെ തിരികെ എത്തിയിട്ടില്ലെന്നുള്ള പരാതിയുമായി ഇവരുടെ മകന് ബിജു പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് ബിജുവിന്റെ മകനെയും കൂട്ടി പോലീസ് സംഘം സമീപ പ്രദേശങ്ങളില്‍ അടക്കം തിരച്ചില്‍ നടത്തുകയായിരുന്നു.
ഒടുവില്‍ കാടിനോട് ചേര്‍ന്ന് ഏറെ അവശയായ നിലയില്‍ സരസ്വതിയെ കണ്ടെത്തി. കാഴ്ചക്കുറവിന്റെ പ്രയാസം അലട്ടുന്ന അവര്‍ രണ്ടു പേരുടെ കൈയില്‍ പിടിച്ചെങ്കിലും നടക്കാനാകുമായിരുന്നില്ല.
തുടര്‍ന്ന് മലയാലപ്പുഴ എസ്എച്ച്ഒ ബി.എസ്.ശ്രീജിത്ത് വയോധികയെ കൈകളില്‍ കോരിയെടുത്ത് മുക്കാല്‍ കിലോമീറ്ററോളം ദൂരം തോളിലേറ്റി റോഡിലെത്തിച്ചു. ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷക്ക് ശേഷം മകന് ബിജുവിനൊപ്പം കൂട്ടിയയക്കുകയും ചെയ്തു. സരസ്വതി തനിച്ചാണ് താമസം.