രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദരം
1574751
Friday, July 11, 2025 3:41 AM IST
കോന്നി: പയ്യനാമണ്‍ പാറമട ദുരന്ത്തില് അപകടകരമായ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വിവിധ ഉദ്യോഗസ്ഥരെയും കോന്നി പ്രിയദര്‍ശനി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണനും ചേര്‍ന്ന് ആദരിച്ചു. ദുരന്തത്തില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു.
പ്രതികൂല കാലാവസ്ഥയേയും പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യത്തെയും അതിജിവിച്ചാണ് രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ്, പോലീസ് ഉദ്യോഗസ്ഥരെയും ലോംഗ് ബൂം എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ കണ്ണനെയുമാണ് ചടങ്ങില്‍ ആദരിച്ചത്.
എല്ലാ സമര്‍ദത്തെയും അതീജിവിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വവും പ്രശംനീയമായിരുന്നു. ദുരന്തം ഉണ്ടായ ഉടന്‍ സ്ഥലത്തെത്തിയ അദ്ദഹം രക്ഷാപ്രവര്‍ത്തനം ഏകോപിച്ചതായി എംഎല്‍എ ചൂണ്ടികാട്ടി.
രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കാണ് ആദ്യ പ്രാധാന്യം നല്‍കിയതെന്ന് മുഖ്യ അതിഥിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് ലോംഗ് ബൂം എസ്കവേറ്റര്‍ അടക്കം വലിയ ഉപകരണം എത്തിച്ചത. ആലപ്പുഴ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടാണ് ഇതു സാധ്യമാക്കിയത്. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു.
അടൂര്‍ ആര്‍ഡിഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്.രാജലക്ഷ്മി, ജില്ലാ ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്, കോന്നി തഹസില്‍ദാര്‍ എന്‍.വി.സന്തോഷ്, കോന്നി ഡിവൈഎസ്പി ജി.അജയ്നാഥ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.