തിരുവല്ല അതിരൂപത പദയാത്രയ്ക്കു തുടക്കം
1574746
Friday, July 11, 2025 3:40 AM IST
തിരുവല്ല: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മാർ ഈവാനിയോസ് പിതാവിന്റെ പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിരൂപതയുടെ നേതൃത്വത്തിലുള്ള പദയാത്ര ഇന്നലെ രാവിലെ സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽനിന്നാരംഭിച്ചു.
എംസിവൈഎം തിരുവല്ല അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുമൂട്ടിലിന്റെയും അതിഭദ്രാസനത്തിലെ വൈദിക ശ്രേഷ്ഠരുടെയും കാർമികത്വത്തിൽ സമൂഹബലിയേ തുടർന്ന് തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ധൂപപ്രാർഥന നടത്തി.
വള്ളിക്കുരിശ് ആശിർവദിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസന പ്രസിഡന്റ് സിറിയക് വി. ജോണിനും , പേപ്പൽ പതാക അതിഭദ്രാസന വൈസ് പ്രസിഡന്റ് അലീന മരിയയ്ക്കും എംസിവൈഎം പാതാക ജനറൽ സെക്രട്ടറി സച്ചിൻ രാജു സക്കറിയയ്ക്കും കാതോലിക്ക പതാക തിരുവല്ല മേഖലാ പ്രസിഡന്റ് അഡ്വ. അഹിയാ മേരിക്കും കൈമാറിക്കൊണ്ടായിരുന്നു പദയാത്രയുടെ തുടക്കം. ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് പദയാത്രയെ അനുഗമിക്കുന്നുണ്ട്.
തിരുവല്ല കത്തീഡ്രലിൽനിന്ന് ആരംഭിച്ച പദയാത്ര തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്, തോട്ടഭാഗം, ഇരവിപേരൂർ, കുമ്പനാട്, പുല്ലാട് ദേവാലയങ്ങളിലൂടെ ഉച്ചഭക്ഷണത്തിനു ശേഷം മാരാമൺ , ഇലന്തൂർ, ചീക്കനാൽ എത്തി പദയാത്രയുടെ ആദ്യദിനം പൂർത്തിയാക്കി.
തിരുവല്ല അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുമൂട്ടിൽ , പ്രസിഡന്റ് സിറിയക് വി. ജോൺ, ജനറൽ സെക്രട്ടറി സച്ചിൻ രാജു എന്നിവർ തിരുവല്ലയിൽനിന്നുള്ള പദയാത്രയ്ക്ക് നേതൃത്വം നൽകി. വെണ്ണിക്കുളം, മല്ലപ്പള്ളി, റാന്നി, എരുമേലി മേഖലകളിൽനിന്നുള്ള പദയാത്രികർ വെണ്ണിക്കുളം സെന്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ കുർബാനയെത്തുടർന്ന് പുല്ലാട് എത്തി തിരുവല്ലയിൽ നിന്നുള്ള പദയാത്രയുമായി സംഗമിച്ചു.
തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറാൾ ഫാ. ഐസക് പറപ്പള്ളി, വെണ്ണിക്കുളം മേഖല ഡയറക്ടർ ഫാ. മാത്യു പൊട്ടുക്കുളത്തിൽ, മേഖല പ്രസിഡന്റ് ജോബിൻ ജോയ്, റാന്നി മേഖലാ ഡയറക്ടർ ഫാ. ജിബു കരപ്പനശേരിമലയിൽ , മേഖലാ പ്രസിഡന്റ് ജെറിൻ പ്ലാച്ചേരി എന്നിവർ വെണ്ണിക്കുളത്തുനിന്നുള്ള പദയാത്രയ്ക്ക് നേതൃത്വം നൽകി.