കോയിപ്രം, കുളനട പഞ്ചായത്ത് ഓഫീസുകളിൽ ജോലിക്കെത്തിയവരെ തടഞ്ഞു
1574515
Thursday, July 10, 2025 3:47 AM IST
കോഴഞ്ചേരി: കോയിപ്രം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജോലിക്കെത്തിയവരെ തടഞ്ഞത് ബഹളത്തിനിടയാക്കി. എൻജിഒ അസോസിയേഷൻ, എൻജിഒ സംഘ് സംഘടനയിൽപെട്ടവർ ജോലിക്കെത്തിയതോടെ സമരാനുകൂലികൾ ഓഫീസിൽ കയറി ബഹളമുണ്ടാക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം സമരക്കാരെ നീക്കിയതോടെയാണ് പ്രശ്നപരിഹാരമായത്.
സംയുക്ത സമരസമിതി കോഴഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴഞ്ചേരി ടിബി ജംഗ്ഷനില്‍ നിന്ന് ടൗണിലേക്ക് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സിഐടിയു നേതാവ് റ്റി.വി. സ്റ്റാലിന് ഉദ്ഘാടനം ചെയ്തു. ജോണ്സണ് ചക്കനാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടിയുസിഐ ജില്ലാ സെക്രട്ടറി കെ.ഐ. ജോസഫ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ശരത്ചന്ദ്രകുമാർ, രാജന് വര്‍ഗീസ്, ബിജിലി പി. ഈശോ, നൈജില്‍ കെ. ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
കുളനട: ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജോലിക്കെത്തിയവരും ട്രേഡ് യൂണിയൻ പ്രവർത്തകരുമായി തർക്കം. ബിജെപി ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൽ കൂടുതൽ ജീവനക്കാർ രാവിലെ തന്നെ ഓഫീസിൽ എത്തിയിരുന്നു. പോലീസെത്തി ജോലി തടസപ്പെടുത്തരുതെന്നറിയിച്ചതോടെ സമരക്കാർ ഓഫീസിന് മുമ്പിൽ കുത്തിയിരുന്നു.
ഇടയ്ക്ക് ഓഫീസ് വിട്ടുപോകാൻശ്രമിച്ച ജീവനക്കാരെ സമരക്കാർ തടഞ്ഞു. ഓഫീസ് സമയമായ അഞ്ചുവരെ ജോലിചെയ്തശേഷം പോയാൽ മതിയെന്നായിരുന്നു സമരക്കാരുടെ ആവശ്യം. പോലീസെത്തി ജീവനക്കാർക്ക് സംരക്ഷണം നൽകി. അഞ്ചിനു ശേഷം ജീവനക്കാർ പുറത്തിറങ്ങുന്നത് തടയാൻശ്രമിച്ച സമരാനുകൂലികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കംചെയ്തു.