പ്രൗഡ് കേരള വാക്കത്തോൺ 14ന് പത്തനംതിട്ടയിൽ
1574747
Friday, July 11, 2025 3:40 AM IST
പത്തനംതിട്ട: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് കാന്പെയിന്റെ ഭാഗമായ വാക്കത്തോൺ 14നു രാവിലെ പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
യുവാക്കൾക്കിടയിൽ പടരുന്ന ലഹരി ഉപയോഗത്തിനെതിരേ എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാക്കത്തോൺ. 14ന് രാവിലെ ആറിന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിനു സമീപത്തുനിന്ന് പ്രഭാത നടത്തം തുടങ്ങും. രമേശ് ചെന്നിത്തല നേതൃത്വം നൽകും.
മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർ ബർണബാസ്, ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം, എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, എസ്എൻഡിപി യൂണിയൻ ചെയർമാൻ കെ. പത്മകുമാർ, അബ്ദുൾ ഷുക്കൂർ മൗലവി അൽഖാസിം, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം,
ആന്റോ ആന്റണി എംപി, നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ തുടങ്ങിയവർ വാക്കത്തോണിൽ പങ്കാളികളാകും. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലൂടെ പത്തനംതിട്ട ടൗൺ സ്ക്വയർ വരെയാണ് പ്രഭാത നടത്തം. തുടർന്ന് ടൗൺ സ്ക്വയറിൽ ലഹരിക്കെതിരേ പ്രതിജ്ഞയും സമ്മേളനവും ചേരും.
പ്രൗഡ് കേരള ജില്ലാ കൺവീനർ വെട്ടൂർ ജ്യോതി പ്രസാദ്, കോ ഓർഡിനേറ്റർ റോജി കാട്ടാശേരി, ഫെലിസിറ്റേറ്റർ തട്ടയിൽ ഹരികുമാർ, എക്സിക്യൂട്ടീവ് അംഗം ജോൺസൺ വിളവിനാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.