അടുപ്പിൽ അഗ്നി പകർന്നു; ആറന്മുള വള്ളസദ്യ നാളെമുതൽ
1575027
Saturday, July 12, 2025 3:47 AM IST
കോഴഞ്ചേരി: പ്രശസ്തമായ ആറന്മുള വള്ളസദ്യകള്ക്കു നാളെ തുടക്കം. വള്ളസദ്യയുടെ ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ അടുപ്പിൽ അഗ്നി പകർന്നു. ഒക്ടോബർ രണ്ടുവരെയാണ് വള്ളസദ്യകാലം. ഇതിനിടയിൽ അഷ്ടമിരോഹണി വള്ളസദ്യയും ഉത്രട്ടാതി ജലോത്സവവും കടന്നുവരും.
ഇന്നലെ രാവിലെ 9 30ന് ക്ഷേത്രമേല്‍ശാന്തി ശ്രീകോവിലില്‍ നിന്നുള്ള ദീപം പള്ളിയോടം പ്രസിഡന്റ് കെ.വി. സാംബദേവൻ പകര്‍ന്നു നല്കി. അദ്ദേഹം പാചകപ്പുരയിലെ നിലവിളക്കില്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പാചക കരാറുകാരന് ഗോപാലകൃഷ്ണന് നായര്‍ കൃഷ്ണവേണി പാചകപ്പുരയിലെ അടുപ്പിലേക്ക് തീ പകര്‍ന്നു.
പാലും അരിയു പഞ്ചസാരയും ഉരുളിയിലേക്ക് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ ഭക്തിപൂര്‍വം സമര്‍പ്പിച്ചു. പാല്‍പ്പായസം തയ്യാറാക്കി ഭക്തര്‍ക്ക് വിളമ്പി. വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പള്ളിയോട പ്രതിനിധികള്‍, പാചക കരാറുകാര്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
റാന്നി - ഇടക്കുളം മുതല്‍ ചെന്നിത്തലവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 52 പള്ളിയോട കരകളും തങ്ങളുടെ പള്ളിയോടങ്ങളുമായി ആറന്മുളയിലേക്കു പുറപ്പെടാനുള്ള തയാറെടുപ്പിലാണ്.
നാളെ ആരംഭിക്കുന്ന വള്ളസദ്യയില്ആദ്യദിവസം ഏഴ് പള്ളിയോടങ്ങള്‍ പങ്കെടുക്കും. ഓതറ, വെണ്‍പാല, കോഴഞ്ചേരി, തെക്കേമുറി, പൂവത്തൂര്‍പടിഞ്ഞാറ്, ളാക - ഇടയാറന്മുള, കോടിയാറ്റുകര എന്നീ കരകളില്‍ നിന്നുള്ള പള്ളിയോടങ്ങളാണ് ആദ്യദിനത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 11ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിക്കും.
15 സദ്യ കരാറുകാരാണ് വള്ളസദ്യ ഒരുക്കുന്നത്. ക്ഷേത്ര മതിലകത്തും പുറത്തുമായി 15 സദ്യാലയങ്ങളാണ് ഇതിനുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്. വള്ളസദ്യകളില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ബന്ധമായി പാസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 400 സദ്യകള്‍ ഇതേവരെ ബുക്ക് ചെയ്തിട്ടുണ്ട്. ജൂലൈയിൽ സദ്യകളുടെ എണ്ണം കുറവാണെങ്കിലും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ സദ്യകള്‍ ഏറെയുള്ളത്.
വള്ളസദ്യയിലും തുടര്‍ന്നുള്ള ഉത്രട്ടാതി ജലമേളയിലും പങ്കെടുക്കുന്നതിനുവേണ്ടി പള്ളിയോടങ്ങളുടെ നവീകരണവും കരകളില്‍ പുരോഗമിക്കുകയാണ്. ഉമയാറ്റുകര, മാലക്കര, ളാക-ഇടയാറന്മുള എന്നീ പള്ളിയോടങ്ങളുടെ നവീകരണം പൂര്‍ത്തീകരിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ നീരണിയും. മേലുകര, ആറാട്ടുപുഴ, ഓതറ - കുന്നേകാട് എന്നീ പള്ളിയോടങ്ങളുടെ നവീകരണ ജോലികള്‍ നടക്കുകയാണ്. ഓഗസ്റ്റ് ആദ്യവാരത്തില്‍ ഈ പള്ളിയോടങ്ങള്‍ നീരണിയും.
അറിയിപ്പു തോണിയും
നവീകരിക്കും
കുമാരനെല്ലൂര്‍ മങ്ങാട്ട് ഭട്ടതിരി ആറന്മുളയിലെത്തുന്ന തോണിയുടെ നവീകരണവും പുരോഗമിക്കുകയാണ്. മങ്ങാട്ട് ഇല്ലക്കാരുടെ ആവശ്യപ്രകാരം ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന തോണി ഫൈബര്‍ ഗ്ലാസ് പൊതിഞ്ഞാണ് നവീകരണം നടത്തുന്നത്.
ഇതനാവശ്യമായ മുഴുവന്‍ തുകയും പള്ളിയോട സേവാസംഘം വഹിക്കുമെന്ന് പ്രസിഡന്റ് കെ. വി. സാംബദേവനും, സെക്രട്ടറി പ്രസാദ് ആനന്ദഭവനും അറിയിച്ചു. യുഎസില്‍ താമസിക്കുന്ന അനൂപ് നാരായണ ഭട്ടതിരിയാണ് തോണിയില്‍ കുമാരനെല്ലൂരില്‍ നിന്ന് ആറന്മുളയിലെത്തുന്നത്.
പരിചയ സമ്പന്നരായ തുഴച്ചില്‍കാരാണ് തോണി നിയന്ത്രിക്കുന്നതെന്നും പള്ളിയോട സേവാസംഘം ഭാരവാഹികള്‍ പറഞ്ഞു.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസുകളും നാളെ മുതൽ
ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനും പഞ്ച പാണ്ഡവ ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നതിനുവേണ്ടി കെഎസ്ആര്‍ടിസി ആരംഭിച്ചിട്ടുള്ള ബജറ്റ് ടൂറിസം പദ്ധതിയും നാളെ ആരംഭിക്കും.
ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശന യാത്ര പാഞ്ചജന്യം ഓഫീസിന് മുമ്പില്‍ നാളെ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്യും. പാറശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇതുമായി ബന്ധപ്പെട്ട ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു. വള്ളസദ്യ കാലയകളവില് 400 ട്രിപ്പുകളാണ് ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.