ധന്യൻ മാർ ഈവാനിയോസ് അനുസ്മരണ പദയാത്രയ്ക്കു വരവേല്പ്
1575028
Saturday, July 12, 2025 3:47 AM IST
അടൂർ: പുനരൈക്യ ശില്പി ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72 -ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്തേക്കുള്ള അനുസ്മരണ തീർഥാടന പദയാത്രയ്ക്ക് അടൂരിൽ വരവേല്പ്.
റാന്നി പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ വ്യാഴാഴ്ച രാവിലെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആശിർവദിച്ച പ്രധാന പദയാത്ര സംഘം ഇന്നലെ രാവിലെ പുത്തൻപീടിക ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം യാത്ര പുനരാരംഭിച്ചു.
ഓമല്ലൂരിൽ തിരുവല്ല അതിരൂപതയിൽ നിന്നെത്തിയ തീർഥാടക സംഘവും ഒപ്പം ചേർന്നു. തുടർന്ന് കൈപ്പട്ടൂർ വഴി ചന്ദനപ്പള്ളി ദേവാലയത്തിലെത്തി. പ്രാർഥനയ്ക്കുശേഷം കൊടുമൺ, ആനന്ദപ്പള്ളി ദേവാലയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരത്തോടെ അടൂർ തിരുഹൃദയ ദേവാലയത്തിലെത്തി.
അടൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ പറക്കോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച തീർഥാടക സംഘവും അടൂരിൽ പ്രധാന പദയാത്രാ സംഘത്തോടൊപ്പം ചേർന്നു.
അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ തീർഥാടക സംഘത്തെ ഡൽഹി ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത, ജില്ലാ വികാരി ഫാ.ശാന്തൻ ചരുവിൽ, എംസിവൈഎം ഡയറക്ടർ ഫാ.അജോ കളപ്പുരക്കൽ, ഫാ.തോമസ് കിഴക്കുംകര, ഫാ.തോമസ് കുറ്റിയിൽ, ഫാക്ലിം പരിക്കൂർ,
ഫാ.ഡൊമിനിക് സാവിയോ, ഫാ. ജേക്കബ് ചാലിൽ , എംസിവൈഎം വൈദിക ജില്ലാ പ്രസിഡന്റ് ക്രിസ്, സെക്രട്ടറി ഡൈന, ട്രഷറർ മാത്യു ജയ്സൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പക്കോമിയോസ് എന്നിവർ പദയാത്രാ സംഘത്തെ അനുഗമിക്കുന്നുണ്ട്.
തീർഥാടക സംഘം പുതുശേരി ഭാഗം ദേവാലയത്തിലെത്തി വിശ്രമിച്ചു. ഇന്നു രാവിലെ യാത്ര തുടർന്ന് കലയപുരം, കൊട്ടാരക്കര വഴി ആയൂർ ദേവാലയത്തിൽ വിശ്രമിക്കും. പിരപ്പൻകോട് വഴി 14നു വൈകുന്നേരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കലെത്തും.
അടൂർ വൈദികജില്ലാ പദയാത്ര
അടൂർ: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം അടൂർ വൈദികജില്ലയുടെ നേതൃത്വത്തിലുള്ള തീർഥാടന പദയാത്ര പറക്കോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നിന്ന് ഇന്നലെ ആരംഭിച്ചു. അടൂരിൽ റാന്നി പെരുനാട്ടിൽ നിന്നും ആരംഭിച്ച പ്രധാന തീർഥാടക സംഘത്തോടൊപ്പം ചേർന്നു.