പത്തനംതിട്ടയിൽ വീണ്ടും നായ ആക്രമണം; നിരവധി പേർക്കു കടിയേറ്റു
1575033
Saturday, July 12, 2025 3:47 AM IST
പത്തനംതിട്ട: പത്തനംതിട്ട നഗര പരിധിയിൽ വീണ്ടും തെരുവുനായ ആക്രമണം. പെരിങ്ങമ്മല , തോണിക്കുഴി, കുമ്പാങ്ങൽ ഭാഗത്താണ് ഇന്നലെ രാവിലെ നിരവധിപേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഞ്ച് പേരെ നായ വിവിധയിടങ്ങളിലായി കടിച്ചതായാണ് വിവരം. കടിയേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പ്രദേശത്തെ നിരവധി വളർത്തുനായ്ക്കൾക്കും കന്നുകാലികൾക്കും കടിയേറ്റിട്ടുണ്ട്. രാവിലെ ആറോടെ തെരുവുനായ ഓടിനടന്ന് ആക്രമിക്കുകയായിരുന്നു. ആളുകളെയും മൃഗങ്ങളെയും ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി നീക്കി. ഫലം വന്നശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്.
പത്തനംതിട്ട ടൗണിൽ പോലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ബസ് സ്റ്റാൻഡ് പരിസരങ്ങളിലും സെൻട്രൽ ജംഗ്ഷനിലും ഫുട്പാത്തുകളിലുമെല്ലാം നായ്ക്കൾ വിഹരിക്കുകയാണ്. നഗരത്തിൽ ആളുകൾക്ക് കടിയേൽക്കുന്നത് നിത്യസംഭവമായിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
റാന്നിയിൽ നായ്ക്കളുടെ വിളയാട്ടം
റാന്നി: റാന്നി ടൗൺ, ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ്, പെരുന്പുഴ ഭാഗങ്ങളിൽ തെരുവുനായ്ക്കൾ വിളയാടുകയാണ്. കഴിഞ്ഞ പൊതുപണിമുടക്ക് ദിവസം ആളുകളെ നായ്ക്കൾ ആക്രമിച്ചു. പണിമുടക്കിന് ഐക്യദാർഢ്യവുമായെത്തിയ തൊഴിലാളികൾക്കാണ് കടിയേറ്റത്.
മഴക്കാലമായതോടെ നായ്ക്കൾ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഏരിയായിലും കടത്തിണ്ണകളിലും അഭയം തേടുകയാണ്. ഇവയെ ഓടിച്ചുവിടാനുള്ള ശ്രമത്തിനിടെയാണ് പലരെയും ആക്രമിക്കുന്നത്.
പ്രതിദിനം നായ്ക്കളുടെ എണ്ണം കൂടിവരികയുമാണ്. റാന്നിയിലെ പഴവങ്ങാടി, അങ്ങാടി, റാന്നി ഗ്രാമപഞ്ചായത്തുകളിൽ തെരുവുനായ നിയന്ത്രണത്തിനു യാതൊരു നടപടികളുമുണ്ടാകുന്നില്ല.