വന്യമൃഗങ്ങൾക്കു നൽകിയ മയക്കുവെടി ഏറ്റത് വനംമന്ത്രിക്കെന്ന് ജനങ്ങൾക്ക് സംശയം: സണ്ണി ജോസഫ്
1575030
Saturday, July 12, 2025 3:47 AM IST
പത്തനംതിട്ട: കാട്ടാനയെയും കടുവയെയും തുരത്താൻ നൽകിയ മയക്കുവെടി വനംമന്ത്രിക്കാണോ ഏറ്റതെന്ന കേരളത്തിലെ ജനങ്ങളുടെ സംശയം ശരിയാണെന്നു തെളിയിക്കുന്ന സമീപനമാണ് വനംവകുപ്പിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
പത്തനംതിട്ട ഡിസിസി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ സംഘർഷം കാരണം പത്തനംതിട്ടയിലടക്കം മലയോര മേഖലയിൽ സാധാരണ ജനജീവിതം തടസപ്പെട്ടിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ ഒരു ഇടപെടലും വനംമന്ത്രി നടത്തിയിട്ടില്ല. കേരളത്തിലെ ആരോഗ്യമന്ത്രി വീണ പോലെയായി. കഴിഞ്ഞ നിയമസഭ സമ്മേളന കാലയളവിൽ തന്നെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ അന്ന് അതിന് അനുമതി നൽകിയില്ല.
വിദ്യാഭ്യാസ മേഖലയാണ് മറ്റൊരു വിഷയം. സാധാരണക്കാരായ കുട്ടികളുടെ ഭാവിയെ പന്താടുന്ന സമീപനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അക്രമ സമരങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ഭരണകക്ഷി സംഘടനകളെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. ജനദ്രോഹ സർക്കാർ നയങ്ങൾക്കെതിരേ യുഡിഎഫ് സമരം ശക്തമാക്കും. തുടങ്ങിവച്ച സമരപോരാട്ടങ്ങൾക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിൻതുണയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയമെന്നും കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ഡോ. അറിവഴകൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെപി സി് വർക്കിങ് പ്രസിഡന്റുമാരായ എ. പി. അനിൽകുമാർ എംഎൽഎ, പി. സി. വിഷ്ണുനാഥ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ,
രാഷ്ട്രീയകാര്യസമിതിയംഗങ്ങളായ പ്രഫ.പി.ജെ. കുര്യൻ, ഷാനിമോൾ ഉസ്മാൻ, ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ, പഴകുളം മധു, ഡിസിസി മുൻ പ്രസിഡന്റുമാരായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം തുടങ്ങിയവർ പ്രസംഗിച്ചു.
കെഎസ്യു മാർച്ച് നടത്തും
പത്തനംതിട്ട: കീം പ്രവേശനത്തിൽ നിരുത്തരവാദ നിലപാട് സ്വീകരിച്ച് വിദ്യാർഥികളുടെ ഭാവി സർക്കാർ അപകടത്തിലാക്കിയതിൽ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് തിങ്കളാഴ്ച കെഎസ്യു മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
വിഷയത്തിൽ എസ്എഫ്ഐ നിലപാട് വ്യക്തമാക്കണം. വിദ്യാർഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ് ഐ നിലപാട് അറിയിക്കുന്നില്ല. കെടുകാര്യസ്ഥതയുടെ കൂത്തരങ്ങാണ് വിദ്യാഭ്യാസവകുപ്പെന്നും അലോഷ്യസ് കുറ്റപ്പെടുത്തി.