കാട്ടുപന്നിയെ നശിപ്പിക്കാനുള്ള അധികാരം കർഷകനു നൽകണം: ഡി.കെ. ജോൺ
1575035
Saturday, July 12, 2025 3:47 AM IST
പത്തനംതിട്ട: കൃഷിയിടങ്ങളിൽ നാശം വരുത്തുന്ന പന്നിയെ കൊല്ലാനുള്ള അധികാരം കർഷകനു തന്നെ ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോൺ. കാടുവിട്ട് നാട്ടിലിറങ്ങി പെറ്റുപെരുകിയ പന്നിക്ക് കാട്ടുപന്നി എന്നതിന്റെ സംരക്ഷണം നൽകേണ്ടതില്ല.
കാട്ടിൽ ജീവിക്കുന്ന പന്നിയാണ് കാട്ടുപന്നിയുടെ ഗണത്തിൽ പെടുകയെന്നും നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്നവയെ സംരക്ഷിക്കേണ്ടതില്ലെന്നും ജോൺ പറഞ്ഞു.
കാട്ടുപന്നിയെ നശിപ്പിക്കാൻ പഞ്ചായത്തുകൾക്ക് അധികാരവും ഫണ്ടും നൽകിയിട്ടു കാര്യമായ പ്രയോജനമുണ്ടാകുന്നില്ലെന്ന് കഴിഞ്ഞ നാലുവർഷത്തെ അനുഭവം വ്യക്തമാക്കുന്നു.
കാട്ടുപന്നി നിർമാർജ്ജനം എന്ന പേരിൽ ഫണ്ട് പാഴാക്കിക്കളയുകയാണ്. പകരം കാട്ടുപന്നിയെ കൃഷിയിടത്തിൽ തന്നെ നശിപ്പിക്കാനുള്ള അവകാശം കർഷകനു നൽകുകയാണ് വേണ്ടതെന്നും ഡി.കെ. ജോൺ അഭിപ്രായപ്പെട്ടു.