പ്രതിരോധ കുത്തിവയ്പിനുശേഷം വീണ്ടും മരണം; ആശങ്ക ഒഴിയുന്നില്ല
1575032
Saturday, July 12, 2025 3:47 AM IST
തെരുവുനായ നിയന്ത്രണ നടപടികളിൽ മെല്ലപ്പോക്ക്
പത്തനംതിട്ട: വളർത്തുനായ, പൂച്ച തുടങ്ങിയവയുടെ കടിയേറ്റ് പ്രതിരോധ വാക്സിൻ നൽകിവരവേ ഒരു മരണംകൂടി ഉണ്ടായതോടെ ജില്ലയിൽ ആശങ്ക വർധിച്ചു. വളർത്തുപൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറാംക്ലാസ് വിദ്യാർഥിനി പന്തളം കടയ്ക്കാട് സ്വദേശി ഹന്ന ഫാത്തിമ കഴിഞ്ഞദിവസം മരിച്ചു.
കഴിഞ്ഞ ഏപ്രിലിൽ പുല്ലാട് സ്വദേശിയായ മറ്റൊരു പെൺകുട്ടിയും പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചശേഷം മരിച്ചിരുന്നു. കഴിഞ്ഞദിവസം മരിച്ച ഹന്ന ഫാത്തിമയ്ക്കാകട്ടെ വളർത്തുപൂച്ചയുടെ നഖംകൊണ്ട് മുറിവേൽക്കുക മാത്രമാണു ചെയ്തത്.
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച കുട്ടി രണ്ടാം ഡോക്സ് സ്വീകരിച്ചശേഷമാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നീട് ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. ഹന്നയുടെ മരണ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. വിശദ പരിശോധയ്ക്കായി സാന്പിൾ ശേഖരിച്ചിട്ടുണ്ടെന്ന് ഡിഎംഒ ഡോ.എൽ. അനിതാ കുമാരി പറഞ്ഞു.
തെരുവുനായ്ക്കളെ പിടികൂടുന്നതിൽ നടപടിയില്ലെന്നിരിക്കേ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിലും ഇപ്പോൾ മെല്ലപ്പോക്ക് തുടരുകയാണ്.
വീടുകളിൽ വളർത്തുന്ന നായ്ക്കൾ, പൂച്ചകൾ എന്നിവയ്ക്ക് കുത്തിവയ്പ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ കുത്തിവയ്പ് നൽകി സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്ന നിർദേശം പലരും പാലിക്കുന്നില്ല.
ജനിച്ച് മൂന്നു മാസത്തിനുള്ളിൽ തന്നെ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നാണ് നിർദേശം. തുടർന്നുള്ള എ ല്ലാ വർഷവും ബൂസ്റ്റർ ഡോസുകൾ എടുക്കുകയും വേണം.
സർട്ടിഫിക്കറ്റ് ചാർജ് ഉൾപ്പെടെ 55 രൂപയാണ് ചെലവ്. എല്ലാ പ്രവൃത്തിദിനങ്ങളിലും മൃഗാശുപത്രികളിൽ വളർത്തു മൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പിനുള്ള സൗകര്യമുണ്ടെന്ന് അധികൃതർ പറഞ്ഞു.
കുട്ടികൾ മരിച്ചത് നാഡികളിലൂടെ വൈറസ് വേഗം ശരീരത്തിൽ കടന്നതിനാലെന്ന് ആരോഗ്യവകുപ്പ്
പത്തനംതിട്ട: നായയുടെ കടിയേറ്റ് അടുത്തയിടെ മൂന്ന് കുട്ടികൾ ഒരു മാസത്തിനിടെ മരിച്ചത് നാഡികളിലൂടെ വൈറസ് വേഗം ശരീരത്തിൽ കടന്നതിനാലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
പത്തനംതിട്ടയിലെ കോഴഞ്ചേരി, മലപ്പുറത്തെ തേഞ്ഞിപ്പലം, കൊല്ലത്തെ പത്തനാപുരം എന്നിവിടങ്ങളിൽ നടന്ന കുട്ടികളുടെ മരണകാരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു.
ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് കമ്മീഷനു നൽകിയ റിപ്പോർട്ടിലാണ് വൈറസ് വേഗം ശരീരത്തിൽ പ്രവേശിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന വിവരമുള്ളത്.
പേവിഷബാധ പ്രതിരോധ വാക്സിനുകൾ കൃത്യമായ ഡോസുകൾ എടുത്തിട്ടും മരണം സംഭവിച്ചു . വൈറസ് വേഗം ശരീരത്തിൽ പ്രവേശിച്ചതിനാൽ നൽകിയ മരുന്നുകൾ ഫലപ്രദമായില്ലെന്ന് ആരോഗ്യ വകുപ്പുതന്നെ വിലയിരുത്തുന്നു.
വൈറസിന് വേഗം നാഡിയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നതിന് സാധിക്കുന്ന ഭാഗങ്ങളായ കഴുത്ത്, തല, കൈ എന്നീ ഭാഗങ്ങളിലാണ് മൂന്ന് കുട്ടികൾക്കും കടിയേറ്റത്. കുട്ടികളുടെ മരണം ആരോഗ്യ വകുപ്പ് അതീവ ഗൗരവമായി എടുത്ത് പരിശോധന നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കോഴഞ്ചേരി സ്വദേശിയായ പെൺകുട്ടിക്ക് സ്കൂൾ ബസ് കത്ത് നിൽക്കവേയാണ് അയൽവാസിയുടെ വളർത്തുനായയിൽ നിന്നും കടിയേറ്റത്. ഈ പ്രദേശത്ത് കഴിഞ്ഞ ഡിസംബറിൽ തന്നെ നായ്ക്കൾക്ക് കുത്തിവയ്പ് നൽകിയെങ്കിലും വിദ്യാർഥിനിയെ കടിച്ച വളർത്തുനായയ്ക്ക് കുത്തിവയ്പ് നല്കിയിരുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഡിസംബർ 13നാണ് കുട്ടിയെ നായ കടിച്ചത്. ഏപ്രിൽ ഒന്പതിനായിരുന്നു മരണം. മൂന്ന് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി കൊച്ചി അമൃത ആശുപത്രിയിൽ മരിച്ചു.