എമർജൻസി മെഡിസിൻ ദ്വിദിന ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു
1575216
Sunday, July 13, 2025 4:09 AM IST
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്രിട്ടിക്കൽ കെയർ, ജനറൽ സർജറി, പൾമണോളജി, ഇഎൻടി വിഭാഗങ്ങളുടെ സഹകരണത്തോടെ ദ്വിദിന ശില്പശാല നടന്നു. അത്യാഹിതവിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിന്റെ ഭാഗമായി നടത്തുന്ന നടപടികളുടെ പരിശീലനമാണ് ശില്പശാലയിൽ നടന്നത്.
ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും പ്രശസ്ത പീഡിയാട്രിക് കാർഡിയോ തൊറാസിക്ക് സർജനുമായ ഡോ. ജോൺ വല്യത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. വെർവ്മെഡിസിമുഹബ് കമ്പനിയുടെ ഡയറക്ടർ ഡോ. അമർ ചൗഹാൻ മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, എമർജൻസി വിഭാഗം മേധാവി ഡോ. ലൈലു മാത്യൂസ്, സീനിയർ കൺസൾട്ടന്റ്ഡോ. ഷമ്മി ഡഗ്ലസ് ലാംബെർട്ട്, എന്നിവർ പ്രസംഗിച്ചു.
ബിലീവേഴ്സ് ആശുപത്രി എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ജനറൽ സർജറി, പൾമണോളജി, ഇഎൻടി വിഭാഗങ്ങളിലെ ഡോക്ടർമാർ ശില്പശാലയിലെ വിവിധ സെഷനുകൾ നയിച്ചു. കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ നിന്നടക്കമുള്ള വിവിധ ആശുപത്രികളിലെ ഡോക്ടർമാരും സർജന്മാരും ശില്പശാലയിൽ പങ്കെടുത്തു.
വൈദ്യശാസ്ത്രത്തിലെ ആധുനിക സങ്കേതങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ രോഗികളുടെ രക്ഷയ്ക്ക് ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ശില്പശാല ചർച്ച ചെയ്തു.