വർത്തമാനകാലഘട്ടത്തിലെ ചിന്താഗതികളെ വിദ്യാഭ്യാസ മേഖല ഏറ്റെടുക്കണം: ഗവർണർ ശ്രീധരൻപിള്ള
1575217
Sunday, July 13, 2025 4:10 AM IST
റാന്നി: നാടിന്റെ തനിമയും സാംസ്കാരിക സന്പത്തും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം വർത്തമാനകാല ചിന്തകളും വെല്ലുവിളികളും വിദ്യാഭ്യാസ മേഖല ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. റാന്നി സെന്റ് തോമസ് കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർഥി സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദശകങ്ങളിൽ ഉണ്ടായ വിദ്യാഭ്യാസ പുരോഗതിയെ നമ്മുടെ സമൂഹം കൂടുതൽ വിലയിരുത്തുകയും അതിൽ നിന്നും ഉരുത്തിരിയുന്ന വിശാലമായ പുതുതലമുറയിലേക്ക് ആവാഹിക്കുകയും ചെയ്യണം. കലാലയങ്ങൾ വ്യക്തിവികാസത്തിന്റെ വേദികളാണെന്നതു വിസ്മരിക്കരുതെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.
കോളജ് മാനേജർ പ്രഫ. റോയി മേലേൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, അലുമ്നി അസോസിയേഷൻ പ്രസിഡന്റ് രാജു ഏബ്രഹാം എക്സ് എംഎൽഎ, കോളജ് പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ്, റാന്നി വലിയപള്ളി വികാരി ഫാ. എം.സി. സക്കറിയ, കോളജ് സെക്രട്ടറി പ്രഫ.കെ. പ്രസാദ് ജോസഫ് , അലുമ്നി അസോസിയേഷൻ സെക്രട്ടറി ഡോ. എം.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
കോളജ് വിദ്യാർഥികളും പൂർവ വിദ്യാർഥികളും താജ് പത്തനംതിട്ടയും ചേർന്നൊരുക്കിയ കലാ വിരുന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.