സുബല പാർക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ
1575202
Sunday, July 13, 2025 3:33 AM IST
പത്തനംതിട്ട: നഗരത്തിൽ മേലെ വെട്ടിപ്പുറത്ത് നിർമാണത്തിലുള്ള സുബല പാർക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക അനുമതിയായി. നഗരസഭ അമൃത് പദ്ധതിയിലൂടെ സമർപ്പിച്ച 75 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. പത്തനംതിട്ട എൽഎസ്ജിഡി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറാണ് സാങ്കേതിക അനുമതി നൽകിയത്.
പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് 1995 - 96 കാലഘട്ടത്തിൽ നിർമാണം തുടങ്ങിയതാണ്. സുബല കോംപ്ലക്സിലെ പാർക്കിന്റെ തടാകത്തിനു ചുറ്റും സംരക്ഷണഭിത്തി കെട്ടുന്ന പ്രവൃത്തി പൂർത്തീകരിക്കുന്നതിനും തടാകത്തിനു ചുറ്റും ടൈൽ പാകി നടപ്പാത നിർമിക്കുന്നതിനുമായി നഗരസഭ തയാറാക്കിയ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
പാർക്കിന്റെ പുനരുദ്ധാരണത്തിന് അമൃത് പദ്ധതിയിൽ സഹായം നൽകാമെന്ന് പട്ടികജാതി വകുപ്പിനെ നഗരസഭ അറിയിച്ചിരുന്നു. സുബല പാർക്കിന്റെ ഉടമസ്ഥാവകാശം പട്ടികജാതി വകുപ്പിന് ആയതിനാൽ നഗരസഭ നൽകുന്ന ഫണ്ട് ഉപയോഗിച്ച് പ്രവൃത്തികൾ ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ അനുമതി നൽകാനുള്ള കാലതാമസത്തിന് ഇടയാക്കി. തുടർന്ന് 2023 ഏപ്രിൽ മാസത്തിൽ പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് നഗരസഭചെയർമാൻ ടി. സക്കീർ ഹുസൈൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ഉത്തരവ് നൽകിയത്.
നിർമാണച്ചുമതല ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നൽകിയത്. എന്നാൽ നിർമിതികേന്ദ്രം നിർമാണം ഏറ്റെടുത്തില്ല. വീണ്ടും നഗരസഭപട്ടികജാതി വകുപ്പിനെ സമീപിച്ചു. അമൃത് പദ്ധതിയിലൂടെ ലഭിച്ച തുക നഷ്ടപ്പെടുമെന്നും വകുപ്പിനെ നഗരസഭ അറിയിച്ചു. നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളേ തുടർന്നാണ് നിർമാണച്ചുമതല കൂടി നഗരസഭയെ ഏല്പിക്കാൻ പട്ടികജാതി വകുപ്പ് തീരുമാനിച്ചത്.
കഴിഞ്ഞ ജൂൺ 30നാണ് സാങ്കേതിക അനുമതി ലഭിച്ചത്. ഉടൻ തന്നെ ടെൻഡർ നടപടികൾ ആരംഭിച്ചതായും മഴകുറയുന്നതോടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.