വീഥികള്‍ അമ്പാടികളായി, നാടെങ്ങും ശോഭായാത്ര
1591725
Monday, September 15, 2025 3:38 AM IST
പത്തനംതിട്ട: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ വീഥികളെ അമ്പാടികളാക്കി നാടെങ്ങും ശോഭായാത്രകൾ. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്ന ശോഭായാത്രകള്‍ രാത്രിവരെ നീണ്ടുനിന്നു. മഹാശോഭായാത്രകളും ഉപശോഭായാത്രകളും നടന്നു. ഉപയാത്രകള്‍ സംഗമിച്ച് പ്രധാന ടൗണുകളില്‍ മഹാശോഭായാത്രയായി മാറി. അമ്പതോളം മഹാശോഭായാത്രകള്‍ പത്തനംതിട്ട ജില്ലയില്‍ നടന്നു.
വിവിധ കലാപരിപാടികളും ഉറിയടി ഉള്‍പ്പെടെയുള്ളവയും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു. അമ്മമാരും കുട്ടികളും അടക്കം പങ്കാളികളായി. പത്തനംതിട്ട, ഓമല്ലൂർ, വടശേരിക്കര, കോന്നി, റാന്നി, കോഴഞ്ചേരി, അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, ചാലാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു.
തിരുവല്ല: ഉണ്ണിക്കണ്ണനും കൂട്ടുകാരും നാടുംനഗരവും കീഴടക്കി. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അവതാരകഥകള്‍ പുനരാവിഷ്കരിച്ച നിശ്ചലദൃശ്യങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച ശോഭായാത്രകള്‍ നഗര, ഗ്രാമവീഥികളില്‍ വര്‍ണക്കാഴ്ചയായി. നാമജപ സങ്കീര്‍ത്തനങ്ങളും ഭജനകീര്‍ത്തനങ്ങളും അകമ്പടിയായി.
ഉണ്ണിക്കണ്ണന്മാര്, രാധാകൃഷ്ണ നൃത്തം നശ്ചല ദൃശ്യങ്ങൾ, പുരാണ കലാരൂപങ്ങള്‍, വാദ്യ മേളങ്ങള്‍ എന്നിവ ശോഭയാത്രയുടെ പകിട്ട് വര്‍ധിപ്പിച്ചു. കാവുംഭാഗം ഏറങ്കാവ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് തുടങ്ങിയ ശോഭായാത്ര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണാനന്ദ ഉദ്ഘാടനം ചെയ്തു.
വിവിധ ഗോകുലങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ തിരു എറങ്കാവ് ജംഗ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് എഴിഞ്ഞിലും വിവേകാനന്ദ, ആലംതുരുത്തി ശ്രീഭദ്ര, മന്നംകരച്ചിറ ശ്രീശങ്കര, മുത്തൂര്‍ ശ്രീഭദ്ര കുറ്റപ്പുഴ, പെരുന്തുരുത്തി, ചാലക്കുഴി, മീന്തലക്കര ശ്രീധര്‍മ്മശാസ്താ, ആമല്ലൂര്‍ എന്നീ ശോഭായാത്രകള്‍ ദീപാ ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി തിരുവല്ല ശ്രീവല്ലഭക്ഷേത്രാങ്കണത്തില് സമാപിച്ചു.