ജന്മാഷ്ടമിനാളില്‍ സദ്യയുണ്ട്, തൃപ്തരായി ഭക്തജനങ്ങൾ
1591727
Monday, September 15, 2025 3:38 AM IST
ആറന്മുള: കണ്ണന്റെ ജന്മനാളില് വിഭവസമൃദ്ധമായ സദ്യയുണ്ട് തൃപ്തരായി ഭക്തജനങ്ങള്‍ തൂശനിലയില്‍ വിളമ്പിയ വിഭവങ്ങളെല്ലാം മതിയാവോളം ആസ്വദിച്ചാണ് വിദൂരങ്ങളില്‍ നിന്നെത്തിയവര്‍ പോലും മടങ്ങിയത്. കുത്തരിച്ചോറാനൊപ്പം വറുത്ത എരിശേരി, തോരന്‍, കാളൻ, അവിയല്‍, സാന്പാര്, പച്ചടി, കിച്ചടി, അച്ചാറ് തുടങ്ങി ഇവയുടെ വ്യത്യസ്ത രുചികളോടെയും വിഭവങ്ങളോടെയുമാണ് തയാറാക്കി നല്‍കിയത്.
കൂടാതെ ഉപ്പേരി വിഭവങ്ങളും പപ്പടം, വടയും ഉണ്ണിയപ്പവും കരിന്പുമെല്ലാം വിഭവങ്ങളുടെ കൂട്ടത്തിലെത്തി. അമ്പലപ്പുഴ പാല്‍പ്പായസം അടക്കം പായസങ്ങളിലും വ്യത്യസ്തത നിറഞ്ഞുനിന്നു. കൂടാതെ ആറന്മുളയില് മാത്രമായുള്ള വിഭവങ്ങള്‍ വള്ളസദ്യയുടെ ഭാഗമായി വിളമ്പ ക്ഷേത്രത്തിനുള്ളില്‍ സി. കെ. ഹരിചന്ദ്രന് നായരുടെയും പുറത്തുള്ള സദ്യാലയങ്ങളില്‍ അനീഷ് ചന്ദ്രന് നായരുടെയും നേതൃത്വത്തിലാണ് സദ്യവട്ടങ്ങള്‍ ഒരുക്കി വിളമ്പിയത്.
അമ്പലപ്പുഴ അരവിന്ദാക്ഷന് നായരുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ പാല്‍പ്പായസം തയാറാക്കി. രാവിലെ ആരംഭിച്ച സമൂഹസദ്യ ഉച്ചകഴിഞ്ഞാണ് പൂര്‍ത്തിയായത്. ആനക്കൊട്ടിലില്‍ എത്തി ഭദ്രദീപം തെളിയിച്ച് തൂശനിലയില്‍ വിഭവങ്ങള്‍ വിശിഷ്ടാതിഥികള്‍ വിളമ്പിയതോടെയാണ് സദ്യ ആരംഭിച്ചത്. മന്ത്രിമാരായ വി.എൻ. വാസവന്, പി. പ്രസാദ്,
മുന്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, മാലേത്ത് സരളാദേവി, എ. പത്മകുമാർ, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ആര് അജയകുമാർ, ഓമല്ലൂര്‍ ശങ്കരന്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍, ശ്രീ വിജയാനന്ദാശ്രമം മഠാധിപതി മാതാ കൃഷ്ണാനന്ദ പൂര്‍ണിമാമയി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പള്ളിയോടങ്ങളില്‍ എത്തിയവരെ ദക്ഷിണ നല്കി സ്വീകരിച്ചു. മന്ത്രി പി. പ്രസാദും കരക്കാരെ സ്വീകരിക്കാന്‍ ക്ഷേത്രക്കടവിലെത്തി. വഞ്ചിപ്പാട്ടു പാടി ക്ഷേത്ര വളപ്പില്‍ പ്രവേശിച്ചകരക്കാര് വലംവച്ച് തൊഴുതശേഷമാണ് സദ്യയില്‍ പങ്കാളികളായത്.