കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം
1436452
Monday, July 15, 2024 11:30 PM IST
കോട്ടയം: ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. മഴയ്ക്കൊപ്പമെത്തിയ കാറ്റാണ് നാശം വിതച്ചത്. ഇന്നലെ പുലര്‍ച്ചെമുതല്‍ ഒറ്റപ്പെട്ട കനത്തമഴയാണ് ജില്ലയില്‍ പരക്കെ പെയ്തത്. ചങ്ങനാശേരി, പാലാ, കറുകച്ചാല്‍, പ്രവിത്താനം, ഐങ്കൊമ്പ്, വെച്ചൂര്‍ പ്രദേശങ്ങളില്‍ കാറ്റ് നാശം വിതച്ചു.
കോട്ടയം മുട്ടമ്പലത്ത് റോഡിലേക്ക് വന്മരം കടപുഴകി. ചിങ്ങവനത്ത് വീടിനു മുകളിലേക്ക് മരം വീണു വീടു തകര്‍ന്നു. കറുകച്ചാല്‍ നെത്തല്ലൂരില്‍ ചമ്പക്കര പള്ളിക്കു സമീപം വന്‍ മരം മറിഞ്ഞ് സ്കൂട്ടര്‍ യാത്രികനുമേല്‍ പതിച്ചു.
യാത്രക്കാരന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ മരം വീടിനു മുകളില്‍ വീണു. വൈക്കം വെച്ചൂരില്‍ പാടശേഖരത്തിന്റെ മോട്ടോര്‍ പുരയുടെ മേല്‍ക്കൂര പറന്ന് ആറ്റില്‍ പതിച്ചു.
ജില്ലയിൽ ആകെ 25 മരങ്ങൾ കടപുഴകി. മഴക്കെടുതിയിൽ 16 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. മരം കടപുഴകി വീണതിനെ തുടർന്ന് ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ ദീർഘനേരം ഗതാഗതം തടസപ്പെട്ടു. കൂടല്ലൂർ കവലയ്ക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം മരം കടപുഴകി വീണത്.
മലയോരമേഖലയില്‍ പലയിടത്തും വ്യാപക മണ്ണിടിച്ചിലുമുണ്ട്. പാലാ പ്രവിത്താനത്ത് ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്നലെ ഉച്ചയോടെയാണ് ടൗണിനു സമീപം കാറ്റ് നാശം വിതച്ചത്. മരം ഒടിഞ്ഞുവീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചു.
നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. കാറ്റും മഴയും നാശം വിതച്ച പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. പോസ്റ്റുകള്‍ ഒടിഞ്ഞാണ് വൈദ്യുതി ബന്ധം തകരാറിലായത്. പലയിടത്തും രാത്രി വൈകിയും കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുളള നടപടികളുമായി രംഗത്തുണ്ട്.
സിഎംഎസ് കോളജിലെ
പ്രധാന കെട്ടിടത്തിന്റെ
പിന്‍വശം തകര്‍ന്നുവീണു
കോട്ടയം: കനത്തമഴയിൽ സിഎംഎസ് കോളജിലെ പ്രധാന കെട്ടിടത്തിന്റെ പിന്‍വശം തകര്‍ന്നുവീണു. പ്രിന്‍സിപ്പല്‍ ഓഫീസ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന അഡ്മിസ്ട്രറ്റീവ് ബ്ലോക്കിന്റെ രണ്ടാം നിലയിലെ പിന്‍വശമാണ് ഇടിഞ്ഞുവീണത്. ഇന്നലെ രാവിലെയാണ് സംഭവം. രണ്ടു തൂണുകള്‍ക്കിടയിലുള്ള രണ്ടാം നിലയിലെ തറയാണ് നിലംപതിച്ചത്. തുടര്‍ന്ന് അപകടസാധ്യതയുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്കു പോകാതെ വേലികെട്ടി തിരിക്കുകയും ചെയ്തിട്ടുണ്ട്.