സ്കൂട്ടറിലേക്ക് മരം വീണ് തോട്ടം തൊഴിലാളി മരിച്ചു
1567609
Sunday, June 15, 2025 11:49 PM IST
എരുമേലി: സ്കൂട്ടറിൽ വരുമ്പോൾ റബർ മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈനിൽ തട്ടിയ ശേഷം സ്കൂട്ടറിലേക്കു വീണ് തോട്ടം തൊഴിലാളി മരിച്ചു.
ചെറുവള്ളി എസ്റ്റേറ്റ് അഞ്ചാം ഡിവിഷനിൽ താമസിക്കുന്ന മുനിയ സ്വാമി (56) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം.
എസ്റ്റേറ്റ് തൊഴിലാളിയായ മുനിയ സ്വാമി വീട്ടിൽനിന്ന് എരുമേലിയിലേക്ക് സ്കൂട്ടറോടിച്ച് വരുമ്പോൾ എസ്റ്റേറ്റിലെ പഴയ ഫാക്ടറി ഭാഗത്തുവച്ച് റബർ മരം ഒടിഞ്ഞ് സ്കൂട്ടറിന് മുകളിൽ വീഴുകയായിരുന്നു. വൈദ്യുതി ലൈനിൽ തട്ടിയ ശേഷം മരം സ്കൂട്ടറിലേക്ക് വീണതിനൊപ്പം വൈദ്യുതി പ്രവാഹം ഉണ്ടായി. എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നാലിന് എസ്റ്റേറ്റ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. വേലുതായി ആണ് ഭാര്യ. മക്കൾ: വിഷ്ണു, വിജയ്.