സംവിധായകൻ തരുൺ മൂർത്തിക്ക് ജന്മനാട്ടിൽ ആദരം
1567828
Monday, June 16, 2025 7:32 AM IST
വൈക്കം: ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിക്ക് ജന്മനാട്ടിൽ പുരോഗമന കലാസാഹിത്യ സംഘവും വൈക്കം പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയും ചേർന്ന് ആദരമൊരുക്കി. വൈക്കത്തെ കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിൽനിന്നു വരുന്ന തരുൺ മൂർത്തി ഇതോടകം ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക, തുടരും എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സൗദി വെള്ളയ്ക്ക നിരവധി ദേശീയ-അന്തർദേശീയ ബഹുമതികൾ നേടി. തുടരും ബോക്സ് ഓഫീസിൽ റിക്കാർഡുകൾ തകർത്തുകൊണ്ട് തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നു.
വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ.പി.കെ. ഹരികുമാർ തരുൺ മൂർത്തിയെ ആദരിച്ചു. പുകസ ഏരിയാ പ്രസിഡന്റ് കെ.സി. കുമാരൻ അധ്യക്ഷത വഹിച്ചു. ഡോ. അജു കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഗാനരചയിതാവ് അജീഷ് ദാസൻ, സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക, തബലവാദക രത്ന ശ്രീരാമചന്ദ്രൻ, ഡി. മനോജ്, പ്രഫ. പാർവതി ചന്ദ്രൻ, അഡ്വ. അംബരീഷ് ജി. വാസു തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് തരുൺ മൂർത്തിയുടെ പിതാവും നാടക പ്രവർത്തകനുമായ വൈക്കം ഡി. മധുമൂർത്തി സംവിധാനം നിർവഹിച്ച വിഘടിക്കാതെ, വിച്ഛേദിക്കാതെ, വിഹായസിലേക്ക് എന്ന നാടകം അവതരിപ്പിച്ചു.
വൈക്കം: ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് സോണി സണ്ണി തരുൺ മൂർത്തിയെ പൊന്നാടയണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, ഡിസിസി ഭാരവാഹികളായ അബ്ദുൾ സലാം റാവുത്തർ, എ. സനീഷ് കുമാർ , ജയ് ജോൺ, വി. സമ്പത്ത് കുമാർ, കെ.പി. ശിവജി തുടങ്ങിയവർ പ്രസംഗിച്ചു.