മെഡി. കോളജ് ആശുപത്രിയിൽ പുതിയ ബയോഗ്യാസ് പ്ലാന്റ്
1600763
Saturday, October 18, 2025 6:25 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നു. ആശുപത്രിയിൽനിന്നും പുറന്തള്ളുന്ന ഭക്ഷണ അവശിഷ്ടം അടക്കമുള്ള മലിനവസ്തുക്കളാണ് ബയോഗ്യാസ് പ്ലാന്റിൽ സംസ്കരിക്കുന്നത്.
കേരള പിന്നാക്ക വികസന കോർപറേഷന്റെ സിഎസ്ആർ ഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ മുടക്കിയാണ് പ്ലാന്റ് ഏർപ്പെടുത്തുന്നത്. ആശുപത്രി വളപ്പിലെ ഇന്ത്യൻ കോഫി ഹൗസിന് സമീപത്തായാണ് പ്ലാന്റ് ഏർപ്പെടുത്തുന്നത്. പുതിയ പ്ലാന്റിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഗ്യാസ് ഇന്ത്യൻ കോഫി ഹൗസിന്റെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുക. നിലവിൽ ഗൈനക്കോളജി വിഭാഗത്തിന് സമീപത്തായി ഒരു ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്.
ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്ന ഗ്യാസ് ഗൈനക്കോളജി വിഭാഗത്തിന് സമീപത്തെ കാന്റീനാണ് നൽകുന്നത്. പുതിയ പ്ലാന്റിന്റെ നിർമാണ പ്രവർത്തനം തുടങ്ങി. അടുത്തമാസം പ്ലാന്റിന്റെ പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശുപത്രിയിൽനിന്നു പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക് കുപ്പി, കടലാസ്, ഓപ്പറേഷൻ തിയറ്ററിൽ നിന്നു പുറന്തള്ളുന്ന ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബയോമെഡിക്കൽ മാലിന്യം എന്നിവ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും പ്രത്യേക സംവിധാനമാണുള്ളത്.
മാലിന്യം ശേഖരിക്കുന്നതിന് 2019ൽ മാലിന്യ ശേഖരണ കേന്ദ്രം ആരംഭിച്ചിരുന്നു. മാലിന്യങ്ങൾ വേർതിരിച്ചാണ് ശേഖരണ കേന്ദ്രത്തിൽ എത്തിക്കുന്നത്. ഇതിനു പ്രത്യേക നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകളുണ്ട്. ബയോ മെഡിക്കൽ മാലിന്യം എറണാകുളം കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിന്റെ വാഹനം എല്ലാ ദിവസവുമെത്തി കൊണ്ടുപോകും.
പ്ലാസ്റ്റിക് കുപ്പി, കടലാസ് എന്നിവ അംഗീകൃത എജൻസിക്ക് കൈമാറും. ഭക്ഷണാവശിഷ്ടങ്ങളാണ് ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ സംസ്കരിച്ച് ഗ്യാസ് ഉത്പാദിപ്പിക്കുന്നത്.