എക്സ്പോ അപ്പച്ചന് ഇന്ന് യാത്രാമൊഴി
1600764
Saturday, October 18, 2025 6:25 AM IST
കോട്ടയം: ആറു പതിറ്റാണ്ടു മുന്‍പ് ഗ്രാമീണ ജീവിതത്തിന് വേഗം കൂട്ടാന്‍ ബസുമായി നിരത്തിലിറങ്ങിയ മനുഷ്യസ്നേഹിയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച കുടമാളൂര്‍ കുന്നത്തുകുഴി ജോര്‍ജ് തോമസ് എന്ന എക്സ്പോ അപ്പച്ചന്. തന്റെ കൈവശമുണ്ടായിരുന്ന പണം അപ്പാടെ വിനിയോഗിച്ചാണു ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരമായി ജോര്‍ജ് തോമസ് ബസ് സര്‍വീസിനു തുടക്കംകുറിച്ചത്.
പിന്നീടത് ബസ് വ്യവസായത്തിലേക്ക് മാറിയതോടെ ഗ്രാമങ്ങള്‍ ഉണര്‍ന്നു, പ്രദേശങ്ങള്‍ വളര്‍ന്നു. പലചരക്കു വ്യാപാരത്തില്‍നിന്നു ബസ് വ്യവസായത്തിലേക്ക് വളര്‍ന്നത് അപ്പച്ചന്റെ നിശ്ചയദാര്‍ഢ്യമാണ്. ഒരു കാലത്ത് എക്സ്പോ ബസുകള്‍ ഗ്രാമങ്ങളെ കോട്ടയം നഗരവുമായി ബന്ധിക്കുന്ന പാലമായിരുന്നു. പിന്നീട് ടൂറിസ്റ്റ് ബസ് വ്യവസായത്തിലേക്ക് എക്സ്പോയെ മക്കള്‍ മാറ്റിയെങ്കിലും അപ്പച്ചന് റൂട്ട് ബസില്‍ തുടര്‍ന്നു.
കൈക്കാശ് നുള്ളിപ്പെറുക്കി 59 വര്‍ഷം മുമ്പാണ് അദ്ദേഹം ആദ്യ ബസ് വാങ്ങിയത്. 1.20 ലക്ഷം രൂപയാണ് ബസിനു ചെലവായതെന്ന് പിന്നീട് മക്കളോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോട്ടയം, കുടമാളൂര്‍, അതിരമ്പുഴ, ഏറ്റുമാനൂര്‍ വഴി പുന്നത്തറയിലേക്കായിരുന്നു സര്‍വീസ്. പുന്നത്തറ ഗ്രാമത്തിലേക്കുള്ള ആദ്യബസായിരുന്നു അത്. പിന്നീട് മെഡിക്കല്‍ കോളജും യൂണിവേഴ്സിറ്റിയും വന്നപ്പോള്‍ കോട്ടയത്തുനിന്നു രാവിലെയും വൈകുന്നേരം എക്സ്പോ കാത്ത് സ്ഥിരംയാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നും ബസ് കൃത്യസമയത്ത് എത്തുമെന്നുറപ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നു മകന് സുനില്‍ പറഞ്ഞു. ഏതെങ്കിലും ബസ് കേടായാല്‍ ഉടന്‍ സ്പെയര്‍ ബസ് എത്തിച്ച് യാത്ര മുടങ്ങാതെ നോക്കും.
ബസ് കാത്തുനിന്ന ആരും ലക്ഷ്യസ്ഥാനത്ത് എത്താതെ പോകരുതെന്ന് നിര്‍ബന്ധമായിരുന്നു. ആ നിർബന്ധബുദ്ധിയെ നാട്ടുകാർ സ്നേഹത്തോടെ എക്സ്പോ അപ്പച്ചന് എന്നു വിളിച്ചു. 15 ബസ് വരെ ഓടിച്ച കാലമുണ്ടായിരുന്നു. പുന്നത്തറ അടക്കം ഗ്രാമങ്ങളിലേക്കുള്ള രാത്രിയിലെ അവസാന സര്‍വീസ് ഒരിക്കലും മുടക്കരുതെന്ന നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു. തിയറ്ററുകളില്‍ ഫസ്റ്റ് ഷോ അവസാനിക്കുമ്പോഴായിരുന്നു ആ ബസുകള്‍ കോട്ടയത്തുനിന്നു പുറപ്പെട്ടിരുന്നത്.
ജപ്പാനിലെ ടോക്കിയോയില്‍ എക്സ്പോ നടന്ന സമയത്താണ് അപ്പച്ചന് ബസ് വാങ്ങിയത്. കെഎസ്ഇബി എന്‍ജിനിയറായിരുന്ന അപ്പച്ചന്റെ അനുജന് മത്തായിച്ചന് എക്സ്പോ എന്നുപേരിട്ടു. ഫുട്ബോളിനെ ഏറെ സ്നേഹിച്ച അപ്പച്ചന് നല്ലൊരു കളിക്കാരനുമായിരുന്നു. ചാക്കോളാ ട്രോഫി കാണാന്‍ തൃശൂര്‍ക്കും നാഗ്ജി കാണാന്‍ കോഴിക്കോട്ടും അദ്ദേഹം പോകുമായിരുന്നു. സംസ്ഥാനത്തു നടന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ എല്ലാം തന്നെ നേരില്‍ക്കണ്ട് ആസ്വദിച്ചിരുന്നു.
ദീര്‍ഘകാലം ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം സംസ്ഥാന കമ്മിറ്റികളിലും അംഗമായി. മുതിര്‍ന്ന പൗരന്മാരുടെ സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. ജോര്‍ജ് തോമസിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു ഭവനത്തില്‍ ആരംഭിച്ച് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന പള്ളിയില്‍ നടക്കും.